Friday, October 25, 2013

നാം ഒന്ന് നമുക്ക് ഒന്ന്

നാം ഒന്ന് നമുക്ക് ഒന്ന്. ഇത് കുടുംബാസൂത്രണം പ്രൊമോട്ട് ചെയ്യാനല്ല, ലേകിൻ ഏക്‌ പരന്തു  "കാർ ആസൂത്രണം" പ്രോത്സാഹിപ്പിക്കാൻ  ആണ്.

ഇനി മുതൽ ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ കാർ ഉണ്ടെങ്കിൽ രണ്ടാമത്തെ കാറിനു അധിക നികുതി ഈടാക്കും എന്ന് മന്ത്രി.

പേർസണൽ ആയിട്ട് പറയുവാണെങ്കിൽ ഞാൻ ഇതിനെ സപ്പോർട്ട് ചെയ്യുന്നു. ഒരു കാറും കൂടി വാങ്ങാൻ കാശുള്ളവന് കുറച്ചു അധികം ടാക്സ് അടച്ചാൽ എന്നാ കുഴപ്പം?

Thursday, September 3, 2009

അറിയാത്ത പിള്ള എറിയുമ്പോൾ അറിയും


അപകടകാരിയല്ലാത്ത ഒരു നോട്ടീസ്‌... പക്ഷേ ഒന്നൂടെ ഒന്നു സൂക്ഷിച്ചു നോക്കിക്കേ....


കിഡ്‌നി, ക്യാൻസർ, എയ്ഡ്‌സ്‌ മുതലായ രോഗങ്ങൾക്കുള്ള.....

ഈ കിഡ്‌നി ഉള്ളത്‌ ഒരു രോഗമാണോ ഡോക്ടർ? അപ്പോ ഈ കിഡ്‌നി മാഫിയ എന്നൊക്കെ പറയുന്നത്‌ കിഡ്‌നി ഇല്ലാത്തവരുടെ ശരീരത്തിൽ കിഡ്‌നി പിടിപ്പിച്ച്‌, പിന്നീട്‌ അത്‌ നീക്കം ചെയ്യാൻ വേണ്ടി ഓപ്പറേഷൻ വേണമെന്നു പറഞ്ഞു കാശുപിടുങ്ങുന്നവരാണോ?

ഇതിൽ പറയുന്നപോലെ മരുന്നു വാങ്ങിക്കഴിച്ചാൽ കിഡ്‌നി അലിഞ്ഞുപോകുമോ, അതോ മൂത്രത്തിൽക്കൂടി പോകുമോ, അതോ അപ്പിയിടുമ്പോഴാണോ പോകുന്നത്‌?

ഞങ്ങൾ എങ്ങനെ നാട്ടുകാരെ പറ്റിക്കാം എന്നുള്ളതിൽ പി.ജി എടുക്കുന്നവരായതിനാൽ മൂന്ന് ബിസിനസ്‌ പേപ്പർ എങ്കിലും നിർബന്ധമായും വായിക്കണം എന്നാണ്‌ പ്രശാന്ത്‌ രഘുവശം ഡൽ ഹിയിൽ നിന്നും പറഞ്ഞിരിക്കുന്നത്‌. ഇവന്മാർ ഒരെണ്ണം എങ്കിലും കാണുവേലും ചെയ്യട്ടെ എന്നു വിചാരിച്ച്‌ ഞങ്ങളുടെ പ്രശാന്ത്‌ സർ ആദായവിലയ്ക്ക്‌ "Business Line" വരുത്തി തരാൻ തുടങ്ങി.

പേപ്പർ, വായിക്കാൻ അല്ലാതെ വേറെ എന്തിനെല്ലാം ഉപയോഗിക്കാം എന്നുള്ള ഞങ്ങളുടെ ഗവേഷണവും അന്നു തുടങ്ങി. 60 പേപ്പറും 60 പേരും, ആത്മനിർവൃതിക്കിനി എന്നാ വേണം.

എ.സി ഇല്ലാത്തപ്പോൾ വീശുക, അടുത്തുള്ളവരേ തോണ്ടുക, മുൻപിൽ ഇരിക്കുന്നവരുടെ തലയ്ക്കിട്ടു അടിക്കുക, ചെറുതായി ചുരുട്ടി വടിപോലെ ആക്കി പെൺകുട്ടികളുടെ മുടിയിൽ കുത്തി വയ്ക്കുക എന്നിങ്ങനെ പോകുന്നു ഉപയോഗങ്ങൾ.

അതിനിടയ്ക്ക്‌ പുതിയ ഒരു സംഭവം കണ്ടുപിടിക്കപ്പെട്ടു. ബായ്ക്ക്‌ ബെഞ്ചിൽ അതിനു വേണ്ടി ഒരു സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയും തുടങ്ങി. വിവിധ തരത്തിലും വലിപ്പത്തിലും ഉള്ള പേപ്പർ ബോളുകൾ അഥവാ ബോംബുകളുടെ നിർമ്മാണം. മൂടി കടിച്ചുപറിച്ചിട്ടെറിയുന്ന ഗ്രനേഡുകൾ, വാലുള്ള ബോംബുകൾ, ചെയിൻ ബോംബുകൾ എന്നു വേണ്ട ചെറിയ ഉണ്ടകൾ വരെ ലാർജ്‌ സ്കെയിലായി ഉണ്ടാക്കി. എന്നിട്ട്‌ മുൻപിൽ ഉള്ളവർക്കിട്ട്‌ എറിയും, അതും ചെറിയ ഏറ്‌ ഒന്നും അല്ല, രണ്ട്‌ രണ്ടര ഏറായിരിക്കും, തല തെറിച്ചുപോകുന്ന ടൈപ്പ്‌. ക്ലാസു നടക്കുന്നുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല. മുൻപിലുള്ളവർ തൽകാലം ബോംബെല്ലാം ശേഖരിച്ചു വച്ച്‌ അനങ്ങാതിരിക്കും. ഇന്റർവെൽ ആകുമ്പോൾ അവർ തിരിച്ച്‌ ആക്രമണം തുടങ്ങും, പക്ഷേ പുറകിൽ ഷിഫ്റ്റ്‌ വെച്ച്‌ ആയുധങ്ങൾ ഉണ്ടാക്കുന്ന കാര്യം അറിയാത്ത പിള്ള എറിയുമ്പോൾ അറിയും.

ഇങ്ങനെ ഒരു ഏറിന്റെ ബാക്കി വന്നത്‌ രണ്ട്‌ വലിയ ചാക്കുകളിലായി ആണ്‌ ഹൗസ്‌ കീപ്പിംഗ്‌ സ്റ്റാഫ്‌ ശേഖരിച്ചത്‌. പക്ഷേ അവർ അത്‌ തിരുശേഷിപ്പായി സൂക്ഷിച്ചുവെയ്ക്കാൻ ഒന്നും പോയില്ല, നേരെ ചെന്ന് പരിശുദ്ധ ഡീനിന്റെ അടുത്ത്‌ റിപ്പോർട്ട്‌ ചെയ്തു. അതോടെ തീർന്നു പക്വത വന്ന മുതിർന്ന പീജീ വിദ്യാർഥികളുടെ കുടിൽ വ്യവസായവും, hooliganism - വും.

ഇനി കാര്യത്തിലേയ്ക്കു വരാം. ബോംബു കമ്പനി അവധി ഉള്ള ഒരു ദിവസം, രാവിലേ തൊട്ട്‌ വൈകുന്നേരം വരെ ഒരേ സാറിന്റെ ക്ലാസിൽ ഇരുന്നപ്പോൾ ഗതികെട്ടാൽ പുലി പേപ്പറും വായിക്കൂഡേ എന്നും പറഞ്ഞ്‌ 3-4 പ്രാവശ്യം അന്നത്തെ പേപ്പർ തിരിച്ചും മറിച്ചും വായിച്ചു. അതിന്റെ കൂടെ ഉണ്ടായിരുന്നതാ ഈ നോട്ടീസ്‌. രാവിലെ വായിച്ചപ്പോൾ ഒന്നും കാണാത്ത കിഡ്‌നി ഉച്ചകഴിഞ്ഞു ചോറിന്റെ കൂടെയാ അകത്തു കയറിയതെന്നു തോന്നുന്നു.

Disclaimer :

1. വീണ്ടും ഞാൻ പറയുന്നു, കഴിഞ്ഞ പോസ്റ്റിലേപ്പോലെ ക്വൊട്ടേഷൻ പേടിച്ചുതന്നെയാ പേരു മറച്ചത്‌. ഞാൻ ഒരു ക്വൊട്ടേഷൻ കമ്പനീടെ മാനേജർ ആകുന്ന വരെ please bear with me..

2. ഈ പോസ്റ്റിന്റെ തലക്കെട്ടും ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ല.

3. പുലി എന്നതുകൊണ്ട്‌ ബെർളിച്ചായൻ... സോറി ബെർളി സാറിനെ അല്ലാ ഉദ്ദേശിച്ചത്‌.