പ്രസാധകപിശ്ശാശ് പിടിച്ചോണ്ട് പോയ കൊടകരപുരാണത്തിന് ആദരാഞ്ജലികള്‍
ഒരു നാള്‍ ഞാനും വിശാലേട്ടനേപ്പോല്‍
വളരും വലുതാകും
വിശാലേട്ടനേപ്പോല്‍ വളര്‍ന്നുവലുതായ്
ബ്ലോഗില്‍ പോസ്റ്റീടും
പോസ്റ്റി പോസ്റ്റി പിന്നേ ഞാനതൊരു
പുസ്തകമാക്കീടും
പുസ്തകമെഴുതിയാല്‍ പിന്നേ ഞാനൊരു
കുന്തോം ബ്ലോഗൂല്ലാ.
Disclaimer: കൊടകരപുരാണം കേരളത്തിലേ നെല്‍പ്പാടങ്ങള്‍ പോലെ തരിശായി കിടക്കുന്നത് കണ്ടതുകൊണ്ട് ഉണ്ടായ സങ്കടംകൊണ്ട് എഴുതീതാ.
Tuesday, April 29, 2008
കൊടകരപുരാണത്തിന് ആദരാഞ്ജലികള്‍
Thursday, April 24, 2008
ഒരു ഫയര്‍ എസ്കേപ്പ് : ഓ മൈ ഗോഡ്.. C.I.Ds എസ്കേപ്പ്!!!
അങ്ങനെ ലാലേട്ടന്‍ ഫയര്‍ എസ്കേപ്പീന്ന് നൈസായി എസ്കേപ്പായി.
വിസ്മയം-2008 മാന്ത്രികോല്‍സവത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പുള്ളിക്കാരന്‍ സ്കൂട്ടായതു പേടി കൊണ്ടാണെന്നൊന്നും ആരും ശരിയായി ധരിക്കരുത്... ലേകിന്‍ ഏക് പരന്തു, അദ്ദേഹം തന്റെ ഭാന്‍സിന്റേം സഹപ്രവര്‍ത്തകരുടേയും, സുഹൃത്തുക്കളുടേയും, സ്നേഹിക്കുന്നവരുടേയും സര്‍വ്വോപരി 'അമ്മ'യുടേയും (ഹാ ഇമ്മടെ സിനിമാക്കാരുടെ രണ്ടാനമ്മയേ, അല്ലാതെ സ്വന്തം അമ്മയെന്നൊന്നും ആരും തെറ്റിധരിക്കല്ലേ) സമ്മര്‍ദ്ദത്തിനു വഴങ്ങിയാണു അദേഹം 'ദ ഗ്രേറ്റ് എസ്കേപ്പ് ' നടത്തീത്.
ഇങ്ങേരു നാടു മുഴുവന്‍ സ്റ്റേജ് ഷോയും നടത്തി നടക്കുന്നതു കൊണ്ട് കഞ്ഞികുടി മുട്ടിയ മുതുകാട് പല വഴീം നോക്കി, നോ രക്ഷ.. ഇനി വല്ല അച്ചാറോ കറിപ്പൊടിയോ ഉണ്ടാക്കുന്ന ബിസിനെസ്സ് തുടങ്ങാം എന്നു വിചാരിച്ചാല്‍ മച്ചു അവടേം നിലം തൊടീക്കില്ല, പിന്നെ എന്നതാ ഒരു വഴി? അങ്ങനെ ഒരു ദിവസം എതോ കുറ്റിക്കാട്ടില്‍ അത്താഴപ്പട്ടിണി കിടക്കുമ്പോഴാണ് ആശാനു പരിശുദ്ധറൂഹാതമ്പുരാന്റെ വെളിപാടുണ്ടായത്. "മകനേ മുതുകാടേ, നിന്റെ ഭാര്യ നിന്റെ മുതുക് അടിച്ചുപൊളിക്കണ്ടെങ്കില്‍ നീ പോയി ലാലിനെ ഫയര്‍ എസ്കേപ്പ് പഠിപ്പിച്ചിട്ട്, വരുന്ന വിസ്മയം-2008 നു സര്‍ക്കാര്‍ ചിലവില്‍ അങ്ങട് ക്ലോസ് ആക്ക്." കേട്ട പാതി കേള്‍ക്കാത്ത പാതി മുതുകാട് മുതുകിലേ പൊടീം തട്ടി ഒരൊറ്റ ഓട്ടം, ലാലേട്ടന്റെ അടുത്തോട്ട്. (തള്ളേ.. ഓടിയ വഴീല് കാട് പോയിട്ട് കാട്ടുപള്ള പോലും മുളക്കത്തില്ല!!!)
ലാലേട്ടനു കാര്യം കേട്ടപ്പോള്‍ ഫയങ്കര സന്തോഷം. അടുത്തകാലത്തിറങ്ങിയ പടങ്ങള്‍ കണ്ടിട്ട് ആള്‍ക്കാര് ചിരിച്ച് ചിരിച്ച്, കണ്ണിലും വെള്ളമില്ലാ, കുടിക്കാന്‍ പൈപ്പീലും വെള്ളമില്ലാ എന്ന അവസ്ഥയിലായതുകൊണ്ട്, നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന് പോലും പറയാന്‍ പറ്റാതെ ഇരിക്കുവല്ലായിരുന്നോ പുള്ളിക്കാരന്‍. ലാലേട്ടന്‍ റെഡിമണി മുണ്ടക്കയം പറഞ്ഞു, മുതുകാടിനും സന്തോഷം.
പക്ഷേ ലലേട്ടന് അഫിനയ കച്ചോടോം അച്ചാറുകച്ചോടോം മാത്രമല്ലാ, തലയ്ക്കകത്ത് കിഡ്നീം വയറുനിറച്ച് പുത്തീം ഒണ്ടെന്നു പാവം മജീഷ്യന്‍ അറിഞ്ഞില്ല. മുതുകാടു പോയ വഴിയേ ലാലേട്ടന്‍ മനോരമേല്‍ വിളിച്ച് കാര്യം പറഞ്ഞു. കാര്യമാത്രപ്രസക്തമായ വാര്‍ത്തകള്‍ ഒന്നും ഇല്ലാതെ വിഷമിച്ചിരുന്ന അച്ചായന്‍ അടുത്ത ബ്രേയ്ക്കിംഗ് ന്യൂസ് കിട്ടുന്ന വരേ ഒന്നരാടം ദിവസം പ്രിന്റഡ് എഡിഷന്റെ ഫ്രണ്ട് പേജിലും, എല്ലാ ദിവസവും വെബ് സൈറ്റിലും എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചോളാമെന്നും, എന്നും രാവിലേം ഉച്ചയ്ക്കും വൈകിട്ടും, രാത്രീം അങ്ങനെ നാലു നേരം ന്യൂസ് ചാനലില്‍ പെങ്കൊച്ചിനേക്കൊണ്ട് വാര്‍ത്തയും, പിന്നെ പണിയൊന്നും ഇല്ലാണ്ടിരിക്കുന്ന സിനിമാക്കാര്‍, മാജിക്കുകാര്‍, രാഷ്ട്രീയക്കാര്‍, മതനേതാക്കള്‍ അങ്ങനെ എല്ലാരേം കൂട്ടി അടി-പൊളി ചര്‍ച്ചകളും, പിന്നെ വേണെങ്കില്‍, ക്വോറം തികക്കാനായി പണി ഒന്നും ഇല്ലാതിരിക്കുന്ന അലവലാതി സോഫ്റ്റ്‌വെയര്‍ എന്‍ ജിനീയര്‍മാര്‍ക്ക് തെറി പറഞ്ഞുപഠിക്കാന്‍ "നിങ്ങളുടെ അഭിപ്രായം ലാലേട്ടനെ അറിയിക്കൂ" എന്ന പേരില്‍ സൈറ്റില്‍ ഒരു ഫോറവും നടത്താം എന്ന് സമ്മതിച്ചു. പക്ഷേ കണ്ടീഷന്‍സ് അപ്പ്ലൈ.
1. വാര്‍ത്ത വായിക്കുന്ന പെങ്കൊച്ചിന്റെ ഡീറ്റെയ്‌ല്സ് ഒന്നും ചോദിക്കരുത്.
2. രാവിലെയെന്നതാ ഫരിഫാടി എന്നും ചോദിച്ച് മനൊരമ പത്രോം പിടിച്ച് നില്‍ക്കുന്ന ഒരു ഫരസ്യം.
കണ്ടീഷന്‍ 2 അപ്പ തന്നെ ലാലേട്ടന്‍ സമ്മതിച്ചു, പക്ഷേ ഏതെങ്കിലും ഒരു പെങ്കൊച്ചിനേ വേണം ഒരു കയ്യില്‍ ചുറ്റിപ്പിടിക്കാന്‍, മറ്റേ കൈ ഫ്രീയാണെങ്കില്‍ മാത്രം മനോരമ പത്രം പിടിക്കും. വാര്‍ത്ത വായിക്കുന്നവളുടെ ഡീറ്റെയില്‍സ് ബെര്‍ളിച്ചായന്റെ കയ്യില്‍ നിന്നും മേടിക്കാം എന്നുള്ള ഒരു സ്കോപ്പ് ഉള്ളതുകൊണ്ട് രണ്ടാം കണ്ടീഷനിലേ മോഡിഫിക്കേഷന്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാമെന്നും കണക്കുകൂട്ടി ഒന്നാം കണ്ടീഷനും പുള്ളി അങ്ങു സമ്മതിച്ചു.
അപ്പോ മീഡിയ ഓക്കേ. പക്ഷേ അതു മാത്രം പോരല്ലോ, ഒരു മേളം ഒക്കെ ഒണ്ടെങ്കിലല്ലേ ആള്‍ക്കാര്‍ ശ്രദ്ധിക്കൂ. അടുത്ത വിളി അമ്മയ്ക്ക്.. സോറി അമ്മ പ്രസിഡന്റ് ഇന്നച്ചന്, അവിടത്തേ കാര്യം പുള്ളിക്കാരന്‍ നോക്കിക്കോളാമെന്ന് ഏറ്റു, അപ്പോ അതും റെഡി.
അടുത്തത് ഫാന്‍സ് എന്നു പറഞ്ഞു നടക്കുന്ന പോഴന്മാരുടെ നേതാവിനെ വിളിച്ച്, നാലഞ്ചുപേരെ കൊച്ചിക്കായലില്‍ ചാടാന്‍ റെഡിയാക്കി നിര്‍ത്താന്‍ പറഞ്ഞു. (കാര്യം യവന്മാരു കീ കൊടുക്കുന്ന പാവകള്‍ ആണെങ്കിലും, ഇത് തമിഴ്‌നാട് അല്ലാത്തതുകൊണ്ടും, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ സൂപ്പര്‍സ്റ്റാറിനെ തന്നെ യവന്മാരു പൊക്കംവിടും എന്നുള്ളതുകൊണ്ടും, അതു മാത്രം പറഞ്ഞില്ല.) അങ്ങനെ അതും കഴിഞ്ഞു.
നെക്സ്റ്റ് മജീഷ്യന്‍ സാമ്രാജ്. അടുത്ത പടത്തില്‍ ഒരു ചാന്‍സും, മൊബെയില്‍ മോര്‍ച്ചറീടെ വാടകയും ഓഫറു ചെയ്തു. ആള്‍ കേരള മജീഷ്യന്‍സിനു ഒരു സ്റ്റേജ് ഷോയില്‍ ചാന്‍സ്, ലാലേട്ടന്റെ പടത്തിനു പകരം മമ്മുക്കായുടെ പടം എന്നീ കണ്ടീഷന്‍സ് സമ്മതമാണെങ്കില്‍ സഹകരിക്കാം എന്നായി സാമ്രാജ്. അതും ഡണ്‍.
ഇതൊന്നും പാവം മുതുകാട് അറിഞ്ഞില്ല. മന്ത്രവടി മേശപ്പുറത്തു വച്ചുമറന്നിട്ട് അതു തിരിച്ചെടുക്കാന്‍ വരാന്‍ മുതുകാട് സേതുരാമയ്യര്‍ CBI ഒന്നും അല്ലല്ലോ.
അങ്ങനെ എല്ലാവരും കൂടി സഹായിച്ചും സഹകരിച്ചും ഫയര്‍ എസ്കേപ്പ് ഒരു വന്‍ വിജയമായി. എല്ലാരുടേയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി ലാലേട്ടന്‍ സ്കൂട്ടായി. അതും മനോരമ വന്‍ വാര്‍ത്തയാക്കി, ആണ്ടെ കെടക്കണു ചട്ടീം കലോം.
"മാജിക് താന്‍ മുന്‍പും വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടസാദ്ധ്യത ഉണ്ടെന്നു കണ്ടുതന്നെയാണ് അഗ്നിവിദ്യക്കു തയാറായത്. നിരന്തരമായ പരിശ്രമത്തിലൂടെ അതിനെ ലഘൂകരിക്കാന്‍ കഴിഞ്ഞിരുന്നു" - മോഹന്‍ലാല്‍.
പത്രസമ്മേളനത്തില്‍ മുതുകാട് പറഞ്ഞത് അഗ്നിവിദ്യ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ പ്രാപ്തനായിരുന്നു എന്നാണ്. ഇന്ത്യന്‍ മാജിക്കിനു ലോകഭൂപടത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം ഫയര്‍ എസ്കേപ്പ് ഉപേക്ഷിച്ചതുമൂലം നഷ്ടമായിപോലും.
മാലോകരേ പ്ലീസ്, അദ്ദേഹത്തിന്റെ കഴിവു തെളിയിക്കാന്‍ നിങ്ങളൊരു അവസരം കൊടുക്കൂ. ഭൂപടത്തില്‍ പാവയ്ക്കാ പോലിരിക്കുന്ന നമ്മുടെ 'ദൈവത്തിന്റെ സ്വന്തം കണ്‍ട്രിക്ക് ' കുമ്പളങ്ങേടെ എങ്കിലും വലിപ്പം കിട്ടിയാല്‍ എന്നാ പുളിക്കുവോ?
അങ്ങനെ കലാശക്കൊട്ടായി, ഇതോടെ ഫയര്‍ എസ്കേപ്പ് നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്നതിനേക്കാള്‍ പേരായി ലാലേട്ടന്.
ഒരു മഹാപുരുഷന്റെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ സാമ്രാജ് ശവപ്പെട്ടീന്ന് ഇറങ്ങിപ്പോന്നു.
മുതുകാട് മുതുകും തടവി ശവപ്പെട്ടീലോട്ടു പോണോ അതോ കുറ്റിക്കാട്ടിലോട്ടു തിരിച്ചു പോണോ എന്ന ധര്‍മ്മസങ്കടത്തില്‍ പ്രസ്സ് ക്ലബ്ബില്‍ തന്നെ ഇരിപ്പാണ്.
ഫയര്‍ എസ്കേപ്പ് നാടകത്തിന്റെ ഒടുവില്‍ ആര് അഗ്നികുണ്ടത്തില്‍ വെണ്ണീറായി?? നാടകം കളിച്ചവരോ അതോ പൊതുജനം എന്ന കഴുതയോ? ചിന്തിക്കേണ്ടിയിരിക്കുന്നു.
ലേകിന്‍ ഏക് പരന്തു, ഹംകോ മാലൂം ഹെ ഉസ്കോ മാജിക് നഹീ മാലൂം!!!
NB: ഫാന്‍സ് അസോസിയേഷന്‍കാര്‍ ശവപ്പെട്ടീടെ വാടകയും പലിശയും കൊടുക്കാന്‍ വേണ്ടി ബക്കറ്റ് പിരിവിന് ഉടനേ ഇറങ്ങുന്നതാണ്, ഇതേ ആവശ്യത്തിലേക്കുവേണ്ടി അടുത്ത രണ്ട് മോഹന്‍ലാല്‍ റിലീസുകള്‍ക്ക് ആദ്യത്തെ ആഴ്ച്ച ടിക്കറ്റുവില കൂട്ടുന്നതായിരിക്കും, എല്ലാവരും സഹകരിക്കുക.
Disclaimer: എനിക്ക് മോഹന്‍ലാല്‍, മുതുകാട്, സാമ്രാജ്, മമ്മൂട്ടി, അമ്മ, ഇന്നസെന്റ്, ഫാന്‍സ് അസോസിയേഷന്‍, മലയാള മനോരമ, മൊബൈല്‍ മോര്‍ച്ചറി എന്നിങ്ങനെയുള്ളവരുമായിട്ട് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധോം ഇല്ല.