കേരള്‍സ്.കോം കാണിച്ചത് തീര്‍ച്ചയായും ശരിയല്ല, പക്ഷേ കരിച്ചോണ്ട് പ്രതിഷേധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മോഷ്ടിക്കപ്പെട്ടവര്‍ കമ്പ്ലയന്റ് ചെയ്തിട്ട് തിരിച്ച് തെറികേട്ടിരുന്നെങ്കില്‍ ഞാനും കരിപ്പിച്ചേനെ, ഇത് വെറുതെ വഴീക്കോടെ പോയവന്റെ വായില്‍ കൈ ഇട്ടുകുത്തി തെറി കേട്ടിട്ട് പിന്നെ മോങ്ങിക്കൊണ്ട് വന്നാല്‍ ആശ്വസിപ്പിച്ച് ഐസ്ക്രീം വാങ്ങിക്കൊടുക്കണോ? ചെലവന്മാരാണെങ്കില്‍ എല്ലാരേംകൊണ്ട് കരിയടിപ്പിച്ചേക്കാം എന്നു നേര്‍ച്ചനേര്‍ന്നമട്ടാണ്.
പക്ഷേ കോപ്പിയടിക്കപ്പെട്ടവര്‍ക്കില്ലാത്ത സൂക്കേട് ഈ നാലുകെട്ടിന്റകത്തിരിക്കുന്ന ചേച്ചിക്കെന്നാത്തിനാ എന്നു മനസിലായില്ല, ഓ നാലുകെട്ടൊക്കെ മടുത്ത് ചേച്ചി ബൂലോകത്തിന്റെ തന്നെ കെട്ടിലമ്മയാകാനുള്ള ശ്രമത്തിലായിരിക്കും, അതിന്റെ പൊറക വെറുതേ ബഹളമുണ്ടാക്കാന്‍ കൊറേയവന്മാരും. ഈ ചേച്ചിക്ക് ഇതിന്റെ വല്ല കാര്യമുണ്ടായിരുന്നൊ (ചേച്ചീടെ ഒന്നും മോഷ്ടിച്ചില്ലാന്ന് ചേച്ചി തന്നെ പറയുന്നു, ഇനി മോഷ്ടിക്കപ്പെടാത്തതിന്റെ സങ്കടമാണോ?)
ഞാന്‍ എന്റെ അപ്പുറത്തുള്ളവന്റെ പറമ്പില്‍ കയറി രണ്ട് തേങ്ങ എടുത്തു, അതു ചോദ്യം ചെയ്യാന്‍ ആ പറമ്പിന്റെ ഉടമസ്ഥന് അവകാശമുണ്ട്, ചോദിച്ചാല്‍ അതിനു സമാധാനം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്. പക്ഷേ അതിന്റേം അപ്പുറത്തെ പറമ്പിലുള്ളവന്‍ വന്ന് "നിനക്കാരാടാ ഡാഷേ അവന്റെ പറമ്പീന്ന് തേങ്ങാ എടുക്കാന്‍ അനുവാദം തന്നത്, നിന്നെ ഞാന്‍ കോടതികേറ്റും" എന്നൊക്കെ പറഞ്ഞാല്‍, ഞാന്‍ തിരിച്ച് നാലു തെറി വിളിക്കണോ, അതോ അവന്റെ കാലേല്‍ വീഴണോ?? നിങ്ങള്‍ തന്നെ പറ.
ഇതു തന്നെയല്ലെ ഈ ചേച്ചീം ചെയ്തത്? അവനോന്റെ കാര്യം നോക്കി നടക്കുക, മറ്റുള്ളവര്‍ക്ക് സഹായം വേണ്ടപ്പോള്‍ സഹകരിക്കുക, അല്ലാതെ കാണണോടത്ത് മുഴുവന്‍ കേറി അഭിപ്രായം പറഞ്ഞാല്‍, ഇപ്പോ ഈ പുറകേ നടക്കണവര്‍ പോലും പുല്ലുവില കല്‍പിക്കില്ല.
ചുമ്മാ വേലിയേല്‍ക്കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച്, കടിക്ക് കടിക്ക് എന്നു പറഞ്ഞ്, കടിമേടിക്കാന്‍ ഈ ചേച്ചിക്കെന്നാത്തിന്റെ കടിയാ? ചേച്ചിയെന്നാ ബൂലോഗ പോലീസോ??
ഏതായാലും ചേച്ചിയല്ല കരിവാരത്തിന്റെ പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം, ചേച്ചിക്ക് കുറച്ചൊക്കെ വിവരം ഒണ്ട്.
Disclaimer: കേരള്‍സ്.കോം ചെയ്തത് തെണ്ടിത്തരമാണ്, നാറിത്തരമാണ്, പകല്‍ക്കൊള്ളയാണ്, പക്ഷേ ചോദിച്ചുമേടിച്ചിട്ട് പ്രതിഷേധിക്കുന്നതില്‍ എന്തര്‍ത്ഥം? ഞാന്‍ ഒരു ശിശു, ബ്ലോഗെന്നുവച്ചാല്‍ എന്നതാന്ന് പഠിച്ചുവരുന്നേ ഉള്ളൂ, അതുകൊണ്ട് ചെറിയവായില്‍ വലിയവര്‍ത്തമാനം പറയണ്ട എന്നു വിചാരിച്ച് ഇതൊക്കെ വായിച്ചുരസിച്ചിരിക്കുവായിരുന്നു, പക്ഷേ ഓരോരുത്തരുടെ ശുഷ്കാന്തി കാണുമ്പോള്‍, ചൊറിഞ്ഞു വരുന്നു, അതുകൊണ്ട് ചൊറിച്ചില്‍ തീര്‍ക്കാന്‍ എഴുതീതാ, ഇനി ആര്‍ക്കെങ്കിലും ഇതു വായിച്ചിട്ട് ചൊറിഞ്ഞെങ്കില്‍, കൈത്തരിപ്പുതീര്‍ക്കാന്‍ എന്റെ പുറം അന്വേഷിച്ചേക്കല്ലേ പ്ലീസ്, ഞാന്‍ ചത്തുപോകും (റഫര്‍: എന്റെ പ്രൊഫൈല്‍ ഫോട്ടോ)
Wednesday, June 11, 2008
ബൂലോക വനിതാപ്പോലീസ്
Monday, June 2, 2008
ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും പിന്നെ തൊടുപുഴേലെ പൗലോസണ്ണന്മാരും
കര്‍ത്താവിന്റെ ദിവസം പള്ളീല്‍പ്പോലും പോകാതെ ഓഫീസിലിരുന്നു വിശുദ്ധമായി ആചരിക്കേണ്ടി വന്നതിനാല്‍ തൊടുപുഴ-എറണാകുളം ട്രിപ്പ് അടിക്കാന്‍ ഞായ്യാറാഴ്ച രാവിലേ ഇറങ്ങി, പതിവുപോലെ തൊടുപുഴ ബസ് അതിന്റെ പാട്ടിനു പോയി (ബാത്തുറൂമില്‍ പാട്ടുകച്ചേരി നടത്തുമ്പോള്‍ ഓര്‍ക്കണായിരുന്നു). എന്നാ പിന്നെ തൊടുപുഴവരെ ബൈക്കിനങ്ങുപോകാം എന്നു വിചാരിച്ച് കാലിന്റിടയ്ക്ക് ബൈക്കും വച്ചിറങ്ങി, അപ്പോ പ്രായം വച്ച് നോക്കിയാല്‍ എന്റെ ചേട്ടനാവാന്‍ പ്രായമുള്ള ഹെല്‍മെറ്റണ്ണന്‍ തൊള്ള തുറക്കണു, "എടാവേ ചങ്ങാതി, എന്നേംകോടെ എടുക്കഡാവേ, ഇല്ലെങ്കില്‍ നിന്റെ കീശേല്‍ കെടക്കണ കാശ് പോലീസുജീപ്പിലേറി കാശിക്കു പോകും". പോക്കറ്റില്‍ കിടക്കുന്ന കാശിനോടുള്ള ബഹുമാനം കാരണം ഒടക്കൊണ്ടാക്കാന്‍ പോയില്ല, ലവനേ എടുത്ത് ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ മണ്ടയ്ക്കുവച്ചുകൊടുത്തു (പിന്നേ.. എന്റെ തലേ വെയ്ക്കും, അതിനു കൊറേ പുളിയ്ക്കും... രാവിലെ പള്ളീപ്പോകാന്‍ കൂട്ടത്തോടെ എറങ്ങണ ചെല്ലക്കിളികള്‍ക്ക് തലേല്‍ ചട്ടികമത്തിയ ഒരുത്തനേ കളിയാക്കിചിരിച്ചതിന്റെ പേരില്‍ കുമ്പസാരിക്കാനെടകൊടുക്കണതെന്തിനാ. സംഭവം ആരുടേങ്കിലും തലേലിരുന്നാല്‍ പോരെ). പോലീസേമാന്മാരാണെങ്കില്‍ ഭൂതകാലത്തിലെ കെട്ടെറങ്ങി, വര്‍ത്തമാനകാലത്തില്‍ വന്ന്, ഫാവിയിലേയ്ക്കുള്ള കുടിവെള്ളപ്പിരിവിനിറങ്ങാന്‍ സമയമാകാത്തതുകൊണ്ട് ധൈര്യമായി പോകാം. അങ്ങനെ കുന്ത്രാണ്ടം പാര്‍ക്ക് ചെയ്ത് എറണാകുളം ബസുപിടിച്ച് ഞാന്‍ സുന്ദരമായി, സുന്ദരനായി ഒരു സുന്ദരന്‍സീറ്റിലിരുന്ന് ഉറക്കം പിടിച്ചു (ഉറക്കം വന്നില്ലേലും കട്ടയ്ക്കു കണ്ണടച്ചുറക്കം നടിച്ചോളണം, ഇല്ലേ വല്ലോ അപ്പാപ്പന്മാരോ, പിള്ളേരെ എടുത്തവരോ കേറിയാല്‍ മനസാക്ഷിക്കുത്ത് തോന്നും, അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല). ഹെല്‍മെറ്റണ്ണന്റെ കാര്യമാണെങ്കില്‍പിന്നെ, പ്രായത്തോടുള്ള ബഹുമാനം കാരണം ആരും അതെടുക്കാന്‍ പോയിട്ട് തൊട്ടുനോക്കുകപോലുമില്ല.
അങ്ങനെ വൈകുന്നേരമായപ്പോഴെക്കും പണീം തീര്‍ത്ത് ബസുകയറി തിരികെ തൊടുപുഴയെത്തി, വീണ്ടും ബൈക്കും കാലിന്റിടയ്ക്ക് വച്ച് വീട്ടിലോട്ട്, പക്ഷെ ഇപ്പോ ഹെല്‍മെറ്റണ്ണന്‍ എന്റെ സ്വന്തം തലയില്‍, നൂറുരൂപയോടുള്ള സ്നേഹം നോക്കണേ, വേണേ മണ്‍കലം വരെ തലേ കമത്തും, എന്റെടുത്താ കളി (രണ്ട് പെണ്ണുങ്ങള്‍ കളിയാക്കിയാലെന്നാന്നേ, നാലെണ്ണത്തിന് ഐസ്ക്രീം മേടിച്ചുകൊടുക്കാനുള്ള ജോര്‍ജൂട്ടി കയ്യിലിരിക്കൂല്ലോ). പക്ഷേ അഞ്ച് കിലോമീറ്റര്‍ തികച്ചോടിച്ചില്ലാ, ഈശ്വരാ, വണ്ടിയേല്‍ കേറണോടം വരെ തുണി ഒക്കെ ഒണ്ടാര്‍ന്നു, ഇനി എങ്ങാനും പറന്നു പോയോ, നാട്ടുകാരൊരുമാതിരി ആലുമ്മൂടന്‍ ഡംബെല്‍സ് എടുത്തുനിക്കണ കണ്ടപോലെയോ, കോഴിത്തീട്ടം കണ്ടപോലെയോ ഒക്കെ നോക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി ആകെ ഒന്നു നോക്കി, തുണിയൊക്കെ എന്നാഡാവേ എന്നും ചോദിച്ച് അവിടെത്തന്നെയൊണ്ട്, അപ്പോഴാണ് പ്രതിയെ പിടികിട്ടീത്, തലേല്‍ ഇരിക്കണ അലുമിനിയം ചട്ടി, പണ്ടാരം എടുത്ത് ഒരേറുവച്ചുകൊടുക്കാന്‍ തോന്നി, ആ തോന്നലിനേം നൂറുരൂപയോടുള്ള സ്നേഹം ഓവര്‍കം ചെയ്തു. അങ്ങനെ ഞാനും ചട്ടീം വീണ്ടും പ്രയാണം തുടര്‍ന്നു.
നമ്മുടെ നാട്ടിലൊക്കെ മെയിന്‍ റോഡിനേക്കാള്‍ ചെക്കിംഗ് ഊടുവഴികളിലാ, ചിലപ്പോ വീട്ടുമുറ്റത്തു വന്ന് വരെ അച്ചായന്മാര് ചെക്ക് ചെയ്യും. സൈക്കിളുകാരോട് നംബര്‍പ്ലേറ്റെവെടാഡാ എന്നു ചോദിക്കണ പാര്‍ട്ടികളാ. അതുകൊണ്ട് പിന്നെ സാധനം തലേന്നെടുത്തില്ല, അങ്ങനെ ഒരു വളവു തിരിഞ്ഞപ്പോള്‍, രണ്ട് കാക്കികളറുകള്‍ ഒരു ഊടുവഴീടടുത്തുന്ന് മറവിലോട്ട് ഓടിമാറുന്നത് ഒരു മിന്നായം പോലെ കണ്ടു. ലൈസന്‍സ് കിട്ടീട്ട് വര്‍ഷം ആറായി, ഇതുവരെ ഒരച്ചായനും കൈ കാണിച്ചിട്ടില്ല, ഇന്നെങ്കിലും അതിനു ഭാഗ്യമുണ്ടകുമോ മുതലക്കുടത്ത് മുത്തപ്പാ എന്നും വിചാരിച്ച് ഞാന്‍ സ്പീഡ് കുറച്ചു (പെര്‍ഫക്ട് ബ്രേയ്ക്കാ, കോതമംഗലത്ത് കൈകാണിച്ചാല്‍, നിക്കുന്നത് കോഴിക്കോട് ചെന്നായിരിക്കും, വെറുതെ എന്നാത്തിനാ ഏമാന്മാര്‍ക്ക് പണിയൊണ്ടാക്കണെ). മുതലക്കൊടത്തുമുത്തപ്പന്‍ പ്രാര്‍ത്ഥന കേട്ടു, ഊടുവഴിക്കടുത്തെത്തിയപ്പോള്‍, ദേ നേരത്തേ പുറകോട്ടുചാടിയ ചേട്ടന്മാര്‍ കൈയും നീട്ടി മുന്നോട്ട് ചാടുന്നു, പുറകില്‍ നാലഞ്ചെണ്ണം ജീപ്പു സഹിതം വേറേ. പക്ഷേ തലേല്‍ ചട്ടി ഇരിക്കണ കണ്ടതോടെ എല്ലാത്തിന്റേം മുഖം മങ്ങി, അപ്പോ അറ്റകൈയ്ക്ക് ഒരണ്ണന്‍ റ്റെയില്‍ ലൈറ്റിന്റെ അടുത്ത് പോയി ഉണിഞ്ഞുനോക്കുന്നു ( അയ്യേ സാറേ എന്റെ വണ്ടിക്കു നാണമാകും എന്നു പറയണം എന്നുണ്ടയിരുന്നു, പക്ഷേ അപ്പോ എനിക്കു നാണം വന്നതുകൊണ്ട് പറഞ്ഞില്ല.. അല്ലാതെ പേടിച്ചിട്ടൊന്നും അല്ല), ഞാന്‍ ബ്രേയ്ക്കില്‍ ഒന്നൂടെ മുറുക്കെപ്പിടിച്ചു, ബ്രേയ്ക്കില്ലെങ്കിലും ബ്രേയ്ക്ക് ലൈറ്റ് നല്ല വെടിച്ചില്ലുപോലെ കത്തും. അതോടെ ഇനി ഇവന്റെ കയ്യീന്നൊന്നും മേടിക്കാനുള്ള വകുപ്പില്ല എന്ന് അണ്ണന്മാര്‍ക്ക് മനസ്സിലായി എന്നു തോന്നുന്നു, കാരണം വണ്ടീടെ പഴക്കം വച്ച് ഈ പറഞ്ഞ സാധനം ഒന്നും തെളിയണ്ടതല്ല. ഇനി എന്നതാ സാറന്മാര്‍ക്ക് പരിശോധിക്കണ്ടെ എന്ന ലൈനില്‍ ഞാന്‍ എല്ലാരേം ഒന്നു നോക്കി. നിന്നോടാരാടാ കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞേ എന്നുള്ള രീതിയില്‍, കൈ കാണിച്ച ഏമാന്‍ എന്റെ നേരെ ഒന്നു നോക്കീട്ടു സഹ വേട്ടക്കാരെ നോക്കി, എല്ലാരും തലയാട്ടി.. ഉടനെ ഏമാന്‍ ഉം ഉം.. പൊക്കോ പൊക്കോ എന്നായി, ഞാന്‍ അങ്ങനെ ജീവിതത്തിലെ ആദ്യത്തെ ചെക്കിംഗ് പാസായ സന്തോഷത്തില്‍, അമ്പട കള്ളാ എന്നു ഹെല്‍മെറ്റിനൊരു തട്ടും കൊടുത്ത് യാത്ര തുര്‍ന്നു.
തൊടുപുഴയിലെ ചില വേട്ടചരിത്രങ്ങള്
സ്ഥലം തൊടുപുഴേന്നു പത്തുകിലോമീറ്റര്‍ അകലെയുള്ള കരിമണ്ണൂര്‍. കരിമണ്ണൂര്‍ പള്ളീല്‍ ആരുടേയോ ശവസംസ്കാരം; പരദൂഷണം പറഞ്ഞു കഴിഞ്ഞ് ആളുകള്‍ പുറത്തോട്ടിറങ്ങുന്നു, ചാകരയും കാത്ത് കരിമണ്ണൂര്‍ എസ്. ഐ പള്ളീടെ വാതുക്കല്‍ ഉണ്ടെന്ന് ആരും അറിഞ്ഞില്ല. വാഹനം കൊണ്ടുവന്ന എല്ലാവര്‍ക്കും ഒരു പക്ഷഭേദോം ഇല്ലാതെ കിട്ടി ഫൈന്‍, അങ്ങനെ നേര്‍ച്ച ഇടാതെ പിശുക്കിയ കാശും അതിന്റെ പലിശേം കൊണ്ട് ഏമാന്റെ കീശ കുശാല്‍.
ഒരു ചൊവ്വാഴ്ച സന്ധ്യകഴിഞ്ഞ്, ഏതാണ്ട് ഏഴര മണി, ഞാനും ഫാദര്‍ഖാനും കൂടെ കാറില്‍ തൊടുപുഴയ്ക്ക് പോകുന്നു, ആദ്യം പറഞ്ഞ ഊടുവഴി മറ്റൊരു ബൈപ്പാസില്‍ ചേര്‍ന്നിട്ട്, ആ ബൈപ്പാസ് മെയിന്‍ റോഡില്‍ ചേരുന്ന (അഞ്ചും കൂടിയ കവല എന്നു വേണെങ്കില്‍ പറയാം, ഒരു കുന്നിന്റെ മുകള്‍ ഭാഗമാ, അവിടെ ഒരു മൂലയ്ക്കു വണ്ടി നിര്‍ത്തിയാല്‍, കയറ്റം കയറി മുകളില്‍ എത്തിക്കഴിഞ്ഞാലേ കാണാന്‍ പറ്റൂ, ഇത് ഒരു ചെക്കിംഗ് ഹോട്ട് സ്പ്പോട്ടാന്ന് പറയണ്ട കാര്യമില്ലല്ലോ) കവലയ്ക്കുമുമ്പുള്ള വല്യ കയറ്റത്തിന്റെ താഴെ എതിയപ്പോള്‍ ഞാന്‍ അപ്പനോട് ചോദിച്ചു, "കൈയ്യില്‍ ആയിരം രൂപ കാണുമോ?"
"ഒണ്ട്, എന്നതിനാ?"
"അല്ലാ മോളില്‍ മാമന്മാര്‍ ചെക്കിങ്ങിനു നിപ്പുണ്ടെങ്കില്‍ സീറ്റ്ബെല്‍റ്റിട്ടിട്ടില്ലാത്ത സ്ഥിതിക്ക് രൂപാ ആയിരം പോക്കാ, അത് കൊണ്ടുപോയി അവന്മാര്‍ ഇന്ധനമടിച്ച് മുള്ളിക്കളയും, ചിലപ്പോള്‍ വാളും വെയ്ക്കും. ആ കാശിനു വണ്ടിയ്ക്കിന്ധനം അടിച്ചാല്‍ ഒന്നരമാസം സുഖമായി കഴിച്ചുകൂട്ടാം, അതുകൊണ്ട് സീറ്റ് ബെല്‍റ്റ് ഇട്ടേക്കാല്ലേ??"
"എപ്പൊ ഇട്ടൂന്ന് ചോദിച്ചാപ്പോരേ."
അങ്ങനെ കയറ്റത്തിന്റെ മോളില്‍ എത്തി, സ്ട്രീറ്റ് ലൈറ്റുകളൊന്നും തെളിഞ്ഞിട്ടില്ല, പെട്ടന്ന് സൈഡില്‍ നിന്ന് ഒരു കൈ നീണ്ടുവരുന്നു, വണ്ടി സഡന്‍ബ്രേയ്ക്കിട്ടു നിര്‍ത്തി, പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം വണ്ടിയ്ക്കകത്തോട്ട്, ഒരു പോലീസ് പ്രേതം ടോര്‍ച്ചും പിടിച്ച് വന്നതാ. വണ്ടി തന്നെ ഓടി വരുന്നതാണോ, അതോ അതിനൊരു സാരഥിയുണ്ടോ എന്നു നോക്കാന്‍ വന്നതായിരിക്കും, ആളുണ്ടെങ്കില്‍ കുറച്ച് ചുണ്ണാമ്പും ചോദിക്കാമല്ലോ. വെഞ്ചിരിച്ചുകെട്ടിയ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു, ഇല്ലെങ്കില്‍ പോലീസ് പ്രേതം ചോര കുടിച്ചോണ്ടേനെ.
ഈ കാര്യങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് പത്രങ്ങളില്‍ വരുന്നുണ്ട്, ആഫ്യന്തരമന്ത്രി വന്നപ്പോള്‍ സാറ്റ് കളിയേപ്പറ്റി പരാതീം ഉയര്‍ന്നു, അതോടെ ഏമാന്മാര്‍ക്ക് കളിയില്‍ ശുഷ്കാന്തി കൂടി.
മിക്കവാറും വ്യാജബില്ലുകളാണ് പിഴകെട്ടുന്നവര്‍ക്കുനല്‍കുന്നതത്രേ, അപ്പോ ഇതു മുഴുവന്‍ യെവന്മാരുടെ പോക്കറ്റില്‍ (എല്ലാവരും ഇങ്ങനെയാണെന്നല്ലാ, സത്യസന്ധര്‍ ഉണ്ടാവാം). ഏതായാലും ഞാന്‍ ഈ പെഴകള്‍ക്ക് ഇതുവരെ അണാപൈസ കൊടുത്തിട്ടില്ല, ദൈവം സഹായിച്ചാല്‍ ഇനിയൊട്ട് കൊടുക്കത്തുമില്ല. അമ്മച്ചിയാണേ കൊടുക്കുകേല.
ഇനി ഇതൊക്കെ യഥാര്‍ത്ഥത്തില്‍ ഘജനാവിലോട്ടാണുപോകുന്നതെങ്കില്‍, ഈ പൈസ ഒക്കെ പിരിച്ചിട്ടും കഴിഞ്ഞ മഴക്കാലത്ത് പൊളിഞ്ഞ വഴികള്‍ ഇപ്പോഴും അതേ അവസ്ഥയില്‍തന്നെയാ, റോഡേതാ കൊളമേതാ എന്നു തിരിച്ചറിയാന്‍ പറ്റില്ല. ആദ്യം സൗകര്യങ്ങള്‍ ഉണ്ടാക്കുക, എന്നിട്ട് നിയമം പാലിക്കാന്‍ ഇറങ്ങുക. എത്ര പേരുടെ ജീവനുകളാണ് കേരളത്തിലേ റോഡുകളിലെ ചതിക്കുഴികളില്‍പ്പെട്ട് പൊലിയുന്നത്, എത്രയേറെപ്പേരുടെ നടുവുപൊളിയുന്നു, വാഹനങ്ങള്‍ക്കുണ്ടാവുന്ന കേടുപാടുകള്‍ വേറെ. അതുകൊണ്ട് സര്‍ക്കാരേ, ആദ്യം റോഡുകള്‍ നന്നാക്കുക, എന്നിട്ട് ഹെല്‍മെറ്റ്-സീറ്റ് ബെല്‍റ്റ് വേട്ടയ്ക്ക് പോലീസിനെ ഇറക്കുക, ആരും ഒരു പരാതീം പറയില്ല. ഇതൊന്നും ഇല്ലാതെ ഒളിഞ്ഞിരുന്ന് വേട്ടയാടാന്‍ നിങ്ങള്‍ക്ക് ധാര്‍മ്മികമായി എന്ത് അവകാശം???
ഒളിച്ചുകളി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണം, എന്നിട്ടു തൊടുപുഴ പോലീസിന്റെ റ്റീമിനെ കളിക്കാന്‍ വിടണം, നമുക്ക് ഗോള്‍ഡ് മെഡല്‍ ഉറപ്പാ, സാക്ഷാല്‍ ബിന്‍ ലാദന്‍ വന്നാല്‍പ്പോലും തോറ്റു തുന്നം പാടിയോടും. അങ്ങനെ എങ്കിലും ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരു ഗോള്‍ഡ് മെഡല്‍ കിട്ടട്ടെ. കളി നമ്മുടടുത്താ.