കിഡ്‌നി, ക്യാൻസർ, എയ്ഡ്‌സ് മുതലായ രോഗങ്ങൾക്കുള്ള.....
Thursday, September 3, 2009
അറിയാത്ത പിള്ള എറിയുമ്പോൾ അറിയും
കിഡ്‌നി, ക്യാൻസർ, എയ്ഡ്‌സ് മുതലായ രോഗങ്ങൾക്കുള്ള.....
Tuesday, September 1, 2009
ഒരു ജീവിതത്തിന്റെ വില വെറും അയ്യായിരം
Sunday, March 29, 2009
സൺഡേ ഈസ് ഹോളിഡേ ആന്റ് പൂസ്ഡേ
വീട്ടിൽ ഞായറാഴ്ച അപ്പനും അമ്മയും ഉണ്ടാവില്ല എന്ന ന്യൂസ് നേരത്തേ കിട്ടിയിരുന്നതുകൊണ്ട് സൂര്യനേ വെല്ലുവിളിച്ച് ബ്രഹ്‌മമുഹൂർത്തത്തിൽ എണീറ്റ് (ആറര മണി, അതാണ് എനിക്ക് ബ്രഹ്‌മ മുഹൂർത്തം, അല്ലെങ്കിൽ ഞായർ ഉയിർപ്പു സമയം 11 മണി കഴിയും, സൂര്യഭഗവാൻ കട്ടയ്ക്കു നിൽക്കുമ്പോൾ പുള്ളിക്ക് ഒരു ചിരി ഫ്രീ ആയി കൊടിത്തേ നമ്മൾ പൊങ്ങത്തൊള്ളു) ഏഴുമണീടെ കുർബ്ബാനയ്ക്കു പോയി.
കുർബ്ബാന കഴിഞ്ഞു വന്ന് ജാക്കിച്ചേട്ടനേ (നമ്മുടെ സാഗർ ഏലിയാസ് ജാക്കിയേ, പുള്ളിക്കാരൻ കാലങ്ങൾക്ക് ശേഷം വന്നതല്ലേ) ഒന്നു വിസിറ്റ് ചെയ്യാം എന്നു കരുതി കൂട്ടുകാരനേ വിളിച്ചപ്പോഴാണുപുകില്. പടത്തിനുപോക്കു നടക്കില്ല, അതു അടുത്തയാഴ്ച്ച പിടിക്കാടാന്ന് ലവൻ പറഞ്ഞിട്ട് അടുത്ത ചോദ്യം
"നീ പള്ളീൽ പോയോ?"
"പോയി"
"എന്നാ കാശും എടുത്ത് തറവാട്ടിലോട്ടു (തൊമ്മൻകുത്ത് ഷാപ്പിന്റെ പേരാണേ) പോരെ, ഞങ്ങൾ ഇവിടുണ്ട്. ദൈവത്തിനുള്ളതു ദൈവത്തിനു പതിവില്ലാതെ രാവിലേ കൊടുത്തില്ലേ, ഇനി സീസറിനുള്ളതു പുള്ളിക്കാരനു കൊടുത്തില്ലെങ്കിൽ മദ്യദേവത കോപിച്ചാലോ? വേഗമായിക്കോട്ടെ."
ഫോൺ വച്ചിട്ട് നോക്കിയപ്പോൾ ഞാൻ ബൈക്കിന്റെ പുറത്തിരിക്കുന്നു, ഇത്രപെട്ടന്ന് ഇതിന്റെ മോളിൽ എങ്ങനെ കേറി എന്നൊന്നും അധികം ആലോചിക്കാൻ മെനക്കെടാതെ വിട്ടടിച്ച് വല്ലവിധേനയും ഷാപ്പ് പൂകി. നോക്കുമ്പോൾ എല്ലാ ഗ്ലാസ്‌മേറ്റ്സും ഹാജർ, ചെന്നവഴി ഒരു ഗ്ലാസുകമത്തീട്ടേ എന്നോട് പറയാതെ പോന്നതിന്റെ ക്ഷോഭം തെറി പറഞ്ഞു തീർത്തൊള്ളൂ.
അപ്പോഴാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് സ്റ്റെപ് വച്ച് ഒരു ചേട്ടായീടെ വരവും ചോദ്യോം "മഗ്ഗളേ ഞാനിവിടെ രണ്ട് ഗസേര ഇഢോട്ടേ... ഗൊഴപ്പം ഒന്നും ഇല്ലല്ലോല്ലേ.... "
"ഞങ്ങൾക്കെന്നാ ഗൊഴപ്പം, ജേട്ടൻ ദൈര്യമായിഢ് ഇഢോ."
5 മിനിട്ട് കഴിഞ്ഞു നോക്കിയപ്പ്പ്പോൾ ഒരു സംശയം, ഇലക്ഷൻ പ്രമാണിച്ച് കമ്മീഷണർ 2=6 എന്നു വല്ലോ വിജ്ഞാപനോം പുറപ്പെടുവിച്ചോ? 2 കസേര ഇടാൻ സ്ഥലം ചോദിച്ച മാന്യൻ ഒടിഞ്ഞതും വളഞ്ഞതുമായ ആറു 'ഗസേര' കൊണ്ടിട്ടിട്ട് മൂന്ന് വേറെ ചേട്ടന്മാരേം വിളിച്ചോണ്ട് വരുന്നു. "കൊള്ളാം, ഇതിനാണോ ഡോക്ടർ ബൈക്ക് പാർക്ക് ചെയ്യാൻ സ്ഥലം കൊടുത്തവന്റെ വീട് ഇടിച്ച് പൊളിച്ച് ജെ.സി.ബി പാർക്ക് ചെയ്തു എന്ന് പറയുന്നത്" എന്നു ആത്മഗതം വിട്ടു ഞങ്ങൾ ഇരിക്കുമ്പോൾ മാനേജർ രാജൻ ചേട്ടൻ എടാ.. മ_____ (ബാക്കി വാക്കുകളുടെ ആദ്യാക്ഷരം പോലും പറയാൻ കൊള്ളില്ല) എന്നൊക്കെ പറഞ്ഞു പാഞ്ഞു വരുന്നത്.
സംഭവം പിന്നെയാണ് പിടികിട്ടീത്, നമ്മുടെ കക്ഷി എടുത്തോണ്ട് പോന്നത് ഒരു മേശേടെ ഭിത്തിയോടു ചേർന്നുള്ള വശത്ത് കിടന്ന കസേരകൾ ആണ്. ഇതൊന്നും അറിയാണ്ട് വന്ന ചില ചേട്ടന്മാർ ബെഞ്ച് ഒണ്ടെന്ന് വിചാരിച്ച് ഇരിക്കാൻ കാലു നീട്ടീതും, ചോരക്കുഞ്ഞുങ്ങൾ കിടക്കുന്നതു പോലെ കാലും കൈയും മുകളിലോട്ടാക്കിയുള്ള പോസ്ചറിൽ ആയതും ഒരുമിച്ചായിരുന്നു. കള്ളുമനസ്സിൽ കള്ളമില്ലാത്തതുകൊണ്ട് അവരവിടെ കിടന്ന് "ള്ളേ.. ള്ളേ.." എന്നു കരയുവാണ്. ഏതായാലും കുറച്ച് നേരത്തേയ്ക്ക് 'വെടി, പൊക, തീ', ഇതിലേതാന്ന് മനസ്സിലാകാത്ത അവസ്ഥയായിരുന്നു.
ഇത്തവണ തൃശൂർ പൂരം കാണാൻ പോണം എന്നു വിചാരിച്ചിരുന്നതാ, ഇനി അതിനു വണ്ടിക്കൂലി മുടക്കണ്ടല്ലോ എന്നു ഞങ്ങൾ പറഞ്ഞു തീർന്നില്ല, ദേ വരണു ചേട്ടൻ റീലോഡഡ്.
"അവൻ എന്റെ ഗസേര എഢുത്തോണ്ട് പോകും.. ഹും... എന്നോഡാ കളി, ഞാൻ നിന്നു കുടിക്കൂഡാ..."
ഉടനേ കൂട്ടുകാരൻ ചേട്ടൻ "ഡാ നീ പോയി കൊടുക്കടാ അവനിട്ട്, ബാക്കി സന്തോഷുചേട്ടൻ നോക്കും. സന്തോഷുചേട്ടന്റെ അങ്കിളിന്റെ കൈയിൽ കാശുള്ളിടത്തോളം കാലം സന്തോഷു ചേട്ടന്റെ കൈയിൽ കാശുണ്ടാവും, സന്തോഷുചേട്ടന്റെ കൈയിൽ കാശുള്ളിടത്തോളം കാലം നീ ഒരു പോലീസ് സ്റ്റേഷനിലും ഇരിക്കണ്ട വരില്ല" എന്നിട്ട് ഞങ്ങളോട് "സന്തോഷ് ചേട്ടന് സ്റ്റേറ്റ് ബാങ്കിലും കടവൂർ ബാങ്കിലും ലക്ഷം രൂപ ഒണ്ട്, അമേരിക്കേലുള്ള അങ്കിൾ തന്നതാ!"
കൊറേ നേരമായി ഈ പുള്ളിക്കാരൻ സന്തോഷുചേട്ടന്റെ വീരശൂരപരാക്രമങ്ങൾ പറയുന്നു, സന്തോഷുചേട്ടൻ രണ്ട് മാസം കള്ളുകുടിച്ചില്ലാ, സന്തോഷുചേട്ടൻ അമ്മായി അപ്പന്റെ സ്ഥലം തൊണ്ണൂറായിരം രൂപയ്ക്ക് വാങ്ങിച്ചു.... എന്നിങ്ങനെ. ശ്ശെടാ ഇതാരാ ഈ സന്തോഷുചേട്ടൻ, വി. സന്തോഷ് മാധവനേപ്പോലെ വല്ലോ വിശുദ്ധനും ആണോ? കണ്ടിരുന്നെങ്കിൽ കുറച്ച് കാശു കടം ചോദിക്കാമായിരുന്നു എന്നൊക്കെ വിചാരിച്ച് അടുത്തിരുന്നവനോട് ഡേ ഇതാരാ ഈ സന്തോഷുചേട്ടൻ എന്നു ചോദിച്ചപ്പോൾ ലവൻ "നീ സന്തോഷുചേട്ടനെ അറിയില്ലേ, വല്ല്യ പുള്ളിയാ, നീ ആ പറയുന്ന അങ്ങേരെ ഒന്നു ശെരിക്കും നോക്കിക്കേ, ആ കൈയ്യിലോട്ട് നോക്ക്"
നോക്കിയപ്പോഴല്ലേ.... ഓരോ പ്രാവശ്യോം സന്തോഷുചേട്ടൻ എന്നു പറയുമ്പോൾ പുള്ളിക്കാരൻ 'എന്റെ പിഴ എന്റെ പിഴ' എന്നുള്ള രീതിയിൽ കൈ കൊണ്ട് നെഞ്ചത്തടിക്കുന്നു. "അയ്യേ ഇതാണോ ഈ സന്തോഷുചേട്ടൻ"
അപ്പോഴാണ് നമ്മുടെ കുടിയൻ ചേട്ടൻ സന്തോഷുചേട്ടന്റെ ആദ്യത്തെ ഡയലോഗിനു മറുപടി പറയുന്നത്.. "പിന്നെ നീ ഒലത്തും, കഴിഞ്ഞ പ്രാവശ്യം നിന്റെ കാശും കൂടി എന്നേക്കൊണ്ട് കൊടുപ്പിച്ചതല്ലേ"
"അതെന്നതാടാ നീ അങ്ങനേ പറയുന്നത്, സന്തോഷുചേട്ടൻ വർഷങ്ങൾക്ക് മുമ്പ് കുട്ടനാട്ടീന്ന് ഇങ്ങോട്ടു വന്ന ഒരു ശുദ്ധനല്ലേ"
"ഉവ്വ ഉവ്വ ശുദ്ധൻ, ഇയാളൊന്നു മിണ്ടാണ്ടിരിക്കാവോ, എന്നേക്കൊണ്ടൊന്നും പറയിക്കണ്ട" എന്നിട്ടു ഞങ്ങളോട് "കേട്ടിട്ടില്ലേ ശുദ്ധൻ ദുഷ്യന്തന്റെ ഫലം ചെയ്യും!!!"
"ഓഹോ.. അങ്ങനേം ഒണ്ടല്ലേ... ഇപ്പോ കേട്ടു ചേട്ടാ..."
ഇനീം നിന്നാൽ കേൾക്കാത്ത പല ഐറ്റംസും കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതുകൊണ്ട് ബാക്കിയുള്ള പിടീം ബീഫുകറീം തിന്ന് കള്ളും കുടിച്ച് "ലെറ്റസ് കോൾ ഇറ്റ് എ് പൂസ്ഡേ" എന്നും പറഞ്ഞിറങ്ങി.
PS. ജീവിതത്തിൽ ആദ്യമായി ഒരു ലോട്ടറി ടിക്കറ്റ് മേടിച്ചു, അതും കള്ളുഷാപ്പിൽ വച്ച്. ഒന്നാം സമ്മാനം 10 ലക്ഷം രൂപ. അടിച്ചാൽ എല്ലാവർക്കും വയറുനിറയേ കള്ളും കപ്പേം പുഴമീൻ വറുത്തതും പിടീം കോഴിക്കറീം മേടിച്ചുതരാം. അടിച്ചില്ലെങ്കിൽ ഇതൊക്കെ ഞാൻ തന്നെ അടിക്കും!!!
അപ്പോ സൺഡേ ഈസ് എ് ഹോളിഡേ അന്റ് എ് പൂസ് ഡേ.