കല്യാണം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക് ചില സുഹൃത്തുക്കൾക്കൊപ്പം കയറുമ്പോഴാണ് ആദ്യം അയാളെ കണ്ടത്. കുറച്ചുപേർ ചേർന്ന് ഒരു ചെറുപ്പക്കാരനെ ഓട്ടോറിക്ഷയിൽ നിന്നും എടുത്ത് ഹാളിലേയ്ക്ക് ഇരുത്തുന്നു. ഞങ്ങൾ അതു വല്യ കാര്യമായി ശ്രദ്ധിച്ചില്ല, ഒരു നോട്ടം നോക്കിയിട്ട്, അപകടത്തിൽ ഒടിവോ മറ്റോ ഉണ്ടായതായിരിക്കും എന്നു കരുതി.
പിന്നെ ആ പയ്യനെ ശ്രദ്ധിക്കുന്നത്, നവദമ്പതികൾ വേദിയിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തുപോയി ഫോട്ടോയ്ക്ക് ഇരിക്കുന്നതു കണ്ടപ്പോഴാണ്. നവവധു മന്ത്രകോടി ഉടുക്കാൻ പോയ സമയത്ത് ഞങ്ങളുടെ അടുത്തുവന്നിരുന്ന സുഹൃത്തായ വരനോട് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ ഞങ്ങൾ വിചാരിച്ചപോലെ അല്ലെന്ന് മനസ്സിലായത്. അയാളുടെ അരയ്ക്കു കീഴ്പ്പോട്ട് ചലനശേഷി ഇല്ല.
കേരളത്തിലെ പ്രശസ്തമായ ഒരു അമ്യൂസ്മന്റ് പാർക്കിൽ പോയതാണ് ആ ഹതഭാഗ്യൻ. ഏതോ ഒരു റൈഡിന്റെ അവസാന ഭാഗത്തുവച്ച് എങ്ങനെയോ ഒന്നു മലക്കം മറിഞ്ഞു. നേരേ വന്നു (കാലുകൾ മുൻപിലായി) പൂളിൽ പതിക്കേണ്ട ആൾ അങ്ങനെ തല തിരിഞ്ഞു വന്നാണ് പൂളിലേയ്ക്ക് വീണത്. ശക്തിയിൽ വന്നുള്ള ആ വീഴ്ചയിൽ താഴോട്ട് പോയി തല പൂളിന്റെ അടിഭാഗത്ത് ഇടിച്ചു. ഇതിന്റെ ഫലമായി, അദ്ദേഹത്തിന്റെ കഴുത്തിനു കീഴോട്ട് ശരീരം മുഴുവൻ തളർന്നു; ശരിയായി സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിലായി.
അത്യാധുനിക രീതിയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയുള്ള റൈഡുകൾ ആണെന്ന് അവകാശപ്പെടുന്ന, ഏറ്റവും സുരക്ഷിതമാണെന്ന് പരസ്യം ചെയ്യപ്പെടുന്ന ആ അമ്യൂസ്മന്റ് പാർക്കിൽ ഇങ്ങനെ ഒരു അപകടം എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ, അതിന്റെ നടത്തിപ്പുകാർക്ക് ഉത്തരമില്ല. ഇങ്ങനെ ഉള്ള ഒരു അപകടം നടന്നിട്ടും പത്രമാദ്ധ്യമങ്ങൾ - വലുതോ ചെറുതോ, വെള്ളയോ മഞ്ഞയോ - ഒന്നിൽ പോലും ഒരു ചെറിയ വാർത്ത പോലും വന്നില്ല. തെരുവുപട്ടിയുടെ കാലൊടിഞ്ഞാൽപ്പോലും ക്യാമറയും കൊണ്ട് ഓടിവന്ന്, അപകടത്തിൽ പട്ടിയുടെ കാലൊടിഞ്ഞു എന്നു "Breaking ന്യൂസും", ഒരു കാലില്ലാതെ ഓടുന്ന പട്ടിയുടെ വീഡിയോ ലൈവായി കാണിച്ച് "ഒരു കാലൊടിഞ്ഞിട്ടും പട്ടിയുടെ ആത്മധൈര്യം" എന്ന കണക്കേ റിപ്പോർട്ടും ചെയ്യുന്ന ചാനലുകാരും തിരിഞ്ഞു നോക്കിയില്ല. പാർക്കുടമകളുടെ പണവും സ്വാധീനവും അത്രയ്ക്ക് വലുതായിരുന്നു. അമ്യൂസ്മന്റ് പാർക്കിന്റെ ഉടമസ്ഥർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല, അത് അവരുടെ ബിസിനസിനെ ബാധിക്കുമല്ലോ. വെറും 5000 രൂപയോ മറ്റോ കൊടുത്ത് അവർ കൈ കഴുകി.
കാര്യമായ സാമ്പത്തിക സ്ഥിതിയോ സ്വാധീനമോ ഇല്ലാത്ത ആ ചെറുപ്പക്കാരന്റെ വീട്ടുകാർക്ക് കേസ് കൊടുക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പക്ഷേ അതുകൊണ്ട് എന്തു കാര്യം. അവസാനം ഒരു സത്യസന്ധനായ പോലീസുദ്യോഗസ്ഥൻ അവരുടെ സഹായത്തിന് എത്തി. പക്ഷേ സിനിമകളിൽ കാണുന്ന പോലെ, പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഏതോ ഓണംകേറാമൂലയിലേയ്ക്ക് സ്ഥലം മാറ്റി.
ഇന്ന് ആ സംഭവം കഴിഞ്ഞിട്ട് അഞ്ചുവർഷത്തോളമായി. ഇപ്പോൾ ആ യുവാവിന്റെ അരയ്ക്കു മുകളിലോട്ട് ചലനശേഷി തിരിച്ചുകിട്ടി. പക്ഷേ അരയ്ക്കു കീഴെ തളർന്ന ഒരാൾക്ക് പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കുമോ? ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത്, ജീവിതത്തിന്റെ സുവർണകാലത്തിൽ തകർന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തിന് ആരു സമാധാനം പറയും. എന്തു ചെയ്താലും അവനുണ്ടായ നഷ്ടത്തിനു പരിഹാരമാവില്ല എന്ന് അറിയാം; എന്നാലും ആ ചെറുപ്പക്കാരന്റെ ജീവിതത്തിന് അയ്യായിരം രൂപയേ വിലയുള്ളോ???
Disclaimer: ഇതിൽ പറയുന്ന ആളുടെ പേരും, അമ്യൂസ്മന്റ് പാർക്കിന്റെ പേരും വെളിപ്പെടുത്താൻ സാധിക്കാത്തതിൽ അതിയായ വിഷമം ഉണ്ട്. യാത്രാമധ്യേ ഈ അമ്യൂസ്മന്റ് പാർക്ക് പുറത്തുനിന്ന് കണ്ടിട്ടുണ്ട് എന്നുള്ളതല്ലാതെ എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല, ശത്രുതയും ഇല്ല. അതുകൊണ്ട് പേരു വെളിപ്പെടുത്താത്തതിന് വേറെ ഒരു കാരണവും ഇല്ല, കുറച്ചുകാലം കൂടി ഇങ്ങനെ ഒക്കെ ജീവിക്കണം എന്ന അത്യാഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. നമ്മുടെ ബെർളിച്ചായന്റെ ഈ പോസ്റ്റും ഈ പോസ്റ്റും വന്നതോടുകൂടി ക്വൊട്ടേഷൻ കേരളത്തിന്റെ ദേശീയ തൊഴിലും കത്തിക്കുത്ത് ദേശീയ വിനോദവും ആയിമാറിയിരിക്കുകയാണ്. സോ... പ്ലീസ് ഫോർഗിവ് മീ.... മീീീ... മീീീീീ.....
2 comments:
സാമ്പത്തിക മാന്ദ്യത്താലുണ്ടായ ആശയദാരിദ്ര്യം മൂലം കുറച്ചുനാളായി ബ്ലോഗിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു.
എല്ലാവർക്കും നന്മയുടേയും സ്നേഹത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഓണാശംസകൾ. :-)
pannathinu meethe parunthum....
alathenthu parayan !!
Post a Comment