Wednesday, May 21, 2008

ലാലേട്ടനെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത എന്തിനോടാണു താങ്കള്‍ ഉപമിക്കുന്നത്‌??

ലാലേട്ടനെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത എന്തിനോടാണു താങ്കള്‍ ഉപമിക്കുന്നത്‌??

ഇന്നു ലാലേട്ടന്റെ പിറന്നാള്‍, അത്‌ ക്ലബ്ബ്‌ എഫ്‌ എം ആഘോഷിച്ചോണ്ടിരിക്കുവാണിപ്പോള്‍. ബാല്‍-ക്കെണി നീന ചോദിക്കുന്നു, നിങ്ങള്‍ക്ക്‌ ലാലേട്ടനെ എത്ര ഇഷ്ടമാണ്‌, ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത എന്തിനോടാണ്‌ നിങ്ങള്‍ ലാലേട്ടനെ ഉപമിക്കുക??

അതെന്നാ ചോദ്യമാഡാവേ.. ജീവിതത്തില്‍ "ഒഴിച്ചുകൂടാന്‍" ആവുന്ന കാര്യത്തോടല്ലേ പുള്ളിക്കാരനെ ഉപമിക്കാന്‍ പറ്റൂ. രാവിലേ എണീക്കുമ്പോള്‍ മുതലങ്ങോട്ട്‌ പുള്ളിക്കാരനെ ഓര്‍ത്തോണ്ടാ പോക്ക്‌.

ഞങ്ങളുടെ ഗുഡ്‌ മോര്‍ണിംഗ്‌ വിഷ്‌ "അളിയാ വൈകിട്ടെന്നാ പരിപാടി??" ഗുഡ്‌ ആഫ്റ്റര്‍നൂണ്‍ വിഷ്‌ "വൈകിട്ടെന്നാ പരിപാടി മച്ചൂ??" നാലുമണി വിഷ്‌ "എന്തുട്ടാണ്ടാ ഗഡി വൈകിട്ട്‌ പരിപാടി??". അപ്പോ വിചാരിക്കും ഗുഡ്‌ നൈറ്റ്‌ എങ്ങനാന്ന്, ദാ ഇങ്ങനെ "അളിയന്‍സ്‌, നാളെ വൈകിട്ടെന്നാഡാവേ പരിപാടി??". അപ്പോ പിന്നെ ഒഴിച്ചുകൂട്ടാനാവാത്തതിനോടെങ്ങനാ ലാലേട്ടനെ ഉപമിക്കുന്നത്‌??

ലാലേഡോ, താങ്കള്‍ ഇല്ലാത്ത ജീവിതം ഞങ്ങള്‍ക്ക്‌ പരിപാടി ഇല്ലാത്ത വൈകുന്നേരം പോലാണ്‌, ഗ്യാസ്‌ പോയ ബിയര്‍ പോലാണ്‌, പെണ്ണില്ലാത്ത താങ്കളുടെ സിനിമ പോലാണ്‌, ഐസില്ലാത്ത പെഗ്ഗുപോലാണ്‌.. സത്യന്‍, സോറി സത്യം!!

അപ്പോ മോനേ ലാല്‍ ദിനേശ്‌, സന്തോഷം ജന്മദിനം താങ്കള്‍ക്ക്‌, സന്തോഷം ജന്മദിനം താങ്കള്‍ക്ക്‌... !!! പിറന്നാളായിട്ട്‌ വൈകിട്ടെന്താണുഭായ്‌ പരിപാടി??

അപ്പഴേ, ഞാന്‍ പോയി ക്ലുബ്ബിലൊന്നു വിളിച്ചു നോക്കട്ടേ, സ്റ്റേ റ്റ്യൂണ്‍ഡ്‌ !!!

Monday, May 5, 2008

ഉപദേശംകൊണ്ട്‌ അരി ഉണ്ടാവുമോ??


ബുഷിന്റെ കൂടെക്കൂടി ജന്മനാടിനെ തള്ളിപ്പറയുന്നവരോട്‌ ഒരു വാക്ക്‌... കേരളീയര്‍ ആദ്യം നന്നാവണം, കൃഷി ചെയ്യണം എന്നൊക്കെ ഉപദേശിക്കുന്നവര്‍ ആദ്യം കൃഷി ചെയ്യട്ടെ.

പറയുന്ന കാര്യങ്ങള്‍ ഒക്കെ ശരി തന്നെ. വീട്ടിലും ഒണ്ട്‌ കുറച്ച്‌ നെല്‍പ്പാടം, പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യാന്‍ കുറച്ചുപേര്‍ ഇപ്പോഴും നാട്ടില്‍ ഉള്ളതുകാരണം അവിടെ ഇപ്പോഴും കൃഷി നടക്കുന്നു. അവര്‍ എന്നാണാവോ ഇത്‌ അവസാനിപ്പിക്കുന്നത്‌, അന്ന് തീരും കൃഷീം, കഞ്ഞികുടീം. ഓരോ വിളവെടുപ്പ്‌ കഴിയുമ്പോഴും ഇനി അടുത്ത കൃഷിയിറക്കാന്‍ ആരും വന്നില്ലെങ്കില്‍ എന്നാ ചെയ്യും എന്നുള്ള ടെന്‍ഷനാ. ട്രാക്ടറും ടില്ലറും ഒക്കെ ഉള്ളതുകൊണ്ട്‌ ഉഴുത്‌ കിട്ടും, സ്വന്തമായി വിതക്കുകേം ചെയ്യാം. വളമിടല്‍, കളപറിക്കല്‍ ഒക്കേം സ്വയം ചെയ്യാം എന്നു വിചാരിക്കാം, പക്ഷേ എങ്ങനെ വിളവെടുക്കും?? അരി മേടിക്കാന്‍ പോകണ്ടല്ലോ എന്നുള്ള ഒറ്റക്കാരണം കൊണ്ട്‌, നഷ്ടം സഹിച്ചും കൂലി കൊടുത്ത്‌ കൊയ്ത്ത്‌ നടത്താം എന്നു വിചാരിച്ചാലും ആളേ കിട്ടണ്ടേ. യന്ത്രമിറക്കാനാണെങ്കില്‍ 'രാഷ്ട്രീയകൃഷിക്കാര്‍' സമ്മതിക്കുമോ? (കുട്ടനാട്ടില്‍ നമ്മള്‍ കണ്ടതല്ലേ??)

ഭീമമായ തുക കൂലി കൊടുക്കാമെന്ന് വിചാരിച്ചാല്‍പ്പോലും ഇന്ന് പറമ്പില്‍ പണിയാന്‍ ഒരാളേം കിട്ടില്ല, തെങ്ങു കയറാന്‍ ആളില്ല, എന്തിനേറെ പറയുന്നു, റബ്ബര്‍ ടാപ്പിങ്ങിനുപോലും ആള്‍ക്കാരേ കിട്ടാനില്ലാതായിക്കൊണ്ടിരിക്കുന്നു. പണ്ട്‌ കൃഷിപ്പണിക്ക്‌ നടന്നിരുന്ന ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കെട്ടിടം പണി, പെയ്ന്റിംഗ്‌, ഫ്ലോറിംഗ്‌ ജോലികള്‍ എന്നിവയ്ക്കാണ്‌ പോകുന്നത്‌.(സ്കില്‍ഡ്‌ വര്‍ക്കേഴ്സിന്റെ കാര്യമല്ല). ചുരുക്കം പറഞ്ഞാല്‍ ഇന്ന് കണ്‍സ്ട്രക്ഷന്‍ മേഘലയിലാണ്‌ തൊഴിലാളികള്‍ ഏറെ. കൂലികൂടുതല്‍ കിട്ടുമെന്നതാവാം പ്രധാന കാരണം, പിന്നെ കൃഷിപ്പണിക്ക്‌ ഒരു ഇത്‌ ഇല്ലല്ലോ.. ഏത്‌??

ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച്‌ ആളുകള്‍ കൃഷിയേ തള്ളിപ്പറഞ്ഞ്‌ മറ്റ്‌ മേഘലകളില്‍ ചേക്കേറുന്നു. എന്നാല്‍ കൃഷിയേ സ്നേഹിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്നുള്ളത്‌ ആശ്വാസം നല്‍കുന്ന കാര്യമാണ്‌. നഗരത്തിലേ പല വീടുകളിലും ഇപ്പോള്‍ ടെറസ്സില്‍ പച്ചക്കറി നട്ടുവളര്‍ത്തുന്നുണ്ട്‌.

അത്യാവശ്യം വാഴയും, കപ്പയും മറ്റ്‌ ഫലവൃക്ഷങ്ങളും, പിന്നെ നെല്‍കൃഷിയുമൊക്കെ ഉള്ളതുകൊണ്ട്‌ വീട്ടില്‍ വല്യ പ്രശ്നങ്ങളില്ലാതെ പോകുന്നു (അപ്പന്‌ സ്തുതി, ബാങ്കുദ്യോഗസ്ഥനായ പുള്ളിയേ വീട്ടില്‍ കാണാന്‍ കിട്ടാത്ത ദിവസങ്ങളാണ്‌ ശനിയാഴ്ച ഉച്ചകഴിഞ്ഞും, ഞായറാഴ്ചയും. ഫുള്‍ ടൈം, തൂമ്പേം വാക്കത്തീമായിട്ട്‌ പറമ്പില്‍ ആയിരിക്കും). ഞാനടക്കം ഇന്നത്തെ യുവതലമുറയില്‍പെട്ട ഭൂരിഭാഗം ആളുകള്‍ക്കും പക്ഷേ ഇതിനൊന്നും നേരമില്ല.

പക്ഷേ ഇന്നത്തെക്കാലത്ത്‌ കൃഷികൊണ്ട്‌ ജീവിക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. എന്തൊക്കെ ചെയ്താലും അവസാനം കൃഷിക്കാരന്‌ ഒന്നും കിട്ടാനില്ല. എല്ലാത്തിനോടും മല്ലിട്ട്‌ എന്തെങ്കിലും ഉണ്ടാക്കിയാലോ, മുടക്കുമുതല്‍ പോലും തിരിച്ച്‌ കിട്ടില്ല. അവസാനം ഒരു കയറിന്‍ തുമ്പിലോ, വിഷക്കുപ്പീലോ തീരുന്നു കര്‍ഷകന്റെ ജീവിതം.

ഇവിടെ ആരുടേം ഉപദേശം കൊണ്ട്‌ ഒന്നും ശരിയാകാന്‍ പോകുന്നില്ല. ഉപദേശിക്കാന്‍ എല്ലാവര്‍ക്കും പറ്റും, അതുകൊണ്ട്‌ ഒരു ഗുണവും ഇല്ലെന്നു മാത്രം. അവനവന്‌ എന്തു ചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ചുനോക്കുക, ഇന്നത്തെ അവസ്ഥയ്ക്ക്‌ മാറ്റം വരുത്താനുള്ള ഒരു ചെറിയ കാര്യം എങ്കിലും ചെയ്താല്‍ അത്‌ ഭാവിയിലേയ്ക്ക്‌ ഒരു മുതല്‍കൂട്ടാവുമെന്നതില്‍ ഒരു സംശയവുമില്ല.

പിന്നെ ബുഷ്‌ എന്ന മന്ദബുദ്ധി എന്തുപറഞ്ഞാലും ഇവിടെ ഒരു പുല്ലും ഇല്ല, അയാളോട്‌ പോയി തുലയാന്‍ പറ. ജൈവ ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ ഭൂരിഭാഗം കൃഷിഭൂമിയും ഉപയോഗിക്കുന്ന അമേരിക്കക്കാരന്‌ ഭക്ഷ്യക്ഷാമത്തേക്കുറിച്ചുപറയാന്‍ എന്ത്‌ യോഗ്യത??? നിങ്ങളുടെ കാറില്‍ ഒരു ഫുള്‍ ടാങ്ക്‌ ഗ്യാസ്‌ നിറയ്ക്കാന്‍ വേണ്ടത്‌ നിങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ വേണ്ടിവരുന്ന ചോളമാണത്രേ.

ബുഷു പറഞ്ഞതിനോട്‌ യോജിക്കുന്നവര്‍ ഇതും ഇതും ഇതും ഒക്കെ ഒന്നു നോക്കുക.

അപ്പോള്‍ ചര്‍ച്ചനിര്‍ത്തി, നമ്മള്‍ക്ക്‌ തൊടിയിലേക്കിറങ്ങാം, ഭക്ഷ്യക്ഷാമമില്ലാത്ത ഒരു നല്ലനാളേയ്ക്കായി നമ്മളാല്‍ കഴിയുന്നത്‌ ചെയ്യാം.

കാണം വിറ്റും ഓണം ഉണ്ണണം!!! ഊണൊക്കെ അവിടെ നിക്കട്ടെ, പാടം നികത്തീം വീടൊന്ന് വെക്കണം.

Sunday, May 4, 2008

ഇന്ത്യാക്കാരന്റെ വയർ

രാവിലേ കോൾ ഫ്രം ന്യൂയോർക്ക്‌...

"അളിയാ എന്നാ ഒണ്ട്‌ വിശേഷംസ്‌?"

"ഓ.. അങ്ങനെ ഒക്കെ കഞ്ഞിവെള്ളം കുടിച്ച്‌ തട്ടീം മുട്ടീം ജീവിച്ച്‌ പോണുടേ"

"തന്നേ, എന്നാ പിന്നെ അളിയാ ഒരു 10000 മണീസ്‌ ട്രാൻസ്ഫർ ചെയ്യ്‌, വീട്ടുവാടക കൊടുക്കാൻ ജോർജ്ജ്കുട്ടി ഇല്ലഡേ"

"അതെന്നാ പൂഞ്ഞാറ്റിലേ വർത്താനാ അളിയാ, ചെത്ത്കാരനോട്‌ ശുദ്ധകള്ള്‌ ചോദിക്കണപോലെ**, കഞ്ഞിവെള്ളം കുടിച്ച്‌ ജീവിക്കണവനോടാണോ പതിനായിരം രൂപാ കടം ചോദിക്കണേ"

"സോറീ മച്ചു.. എന്നാ പിന്നെ ഒരു ലക്ഷം തികച്ച്‌ താ"

"ഹെന്ത്‌??"

"അതേ.. ഒരു ലക്ഷം, വൺ ലായ്ക്ക്‌... ഇന്നലേം അപ്പച്ചൻ വിളിച്ചായിരുന്നു, അരിക്കൊക്കെ അവിടെ എന്നതാ വെല. കഞ്ഞി ഒണ്ടെങ്കിലല്ലേ കഞ്ഞിവെള്ളം ഒണ്ടാവൂ... ഏത്‌? അതുകൊണ്ട്‌ മുതലാളീ, ഒന്ന് സഹായിക്കഡോ"

!!!!!!!!!!!!!ആണ്ടെ കെടക്കണു... ഭും

നെക്സ്റ്റ്‌... കോൾ ഫ്രം ബെംഗളൂരു...

"അച്ചായോ, എങ്ങനെ പോകുന്നു കാര്യങ്ങൾ?"

"ഓ എന്നാ പറയാനാ ഭായ്‌... ചിക്കനും തിന്ന് പാലും കുടിച്ച്‌ കഷ്ടി മുഷ്ടി കഴിഞ്ഞു പോണു!!!"

വിലക്കയറ്റത്തിനു കാരണം ഇന്ത്യാക്കാരന്റെ വയർ: ബുഷ്‌

ഒള്ളതു തന്നെ അണ്ണാ... പണ്ട്‌ വല്ല വാഴയ്ക്കേം തിന്ന് കഴിഞ്ഞുകൂടിക്കൊണ്ടിരുന്ന പഹയന്മാരാ, ഇപ്പോ വന്ന് വന്ന് അമേരിക്ക വരെ തിന്ന് തൊടങ്ങി.

ബുഷച്ചായനാണെങ്കിൽ കോണ്ടലീസ റൈസിനു കൊടുക്കാൻ പോലും റൈസുമേടിക്കാൻ കാശില്ലാതിരിക്കുവായിരുന്നു, അപ്പോഴാണ്‌ വൈറ്റ്‌ ഹൗസിന്റെ വായ്പകുടിശ്ശികയില്ലെങ്കിലും പലിശയെങ്കിലും അടയ്ക്കാൻ പറഞ്ഞു ബാങ്കീന്ന് നോട്ടീസ്‌. നോക്കണേ കൂനിന്മേൽ കുരു.

ഭാരതീയരേ, നിങ്ങൾ ജോലികൾ ഉപേക്ഷിക്കൂ, ദരിദ്രരാകൂ, പട്ടിണി കിടക്കൂ.. അങ്ങനെ ബചാവോ ഇസ്‌ ദുനിയാ കോ വിലക്കയറ്റം കീ കരാൾ ഹസ്ത്‌ സേ!!!

NB: പഴയ ഓർമ്മയിൽ, അവൻ ഒരു കഞ്ഞിയാ എന്നൊന്നും ആരോടും പറഞ്ഞേക്കല്ലേ, കേട്ടുനിക്കണവൻ അടിച്ച്‌ മൂക്കാമണ്ട പൊളിക്കും. കൂടെ ഒരു ഡയലോഗും "കഞ്ഞീടെ വില അറിയാൻപാടില്ലാത്ത ദ്രോഹീ"

** ചെത്തുകാരനോട്‌ പ്യൂർ കള്ള്‌ ചോദിച്ചാൽ

ചെത്തുകാരനോട്‌ പ്യൂർ കള്ള്‌ ചോദിച്ചാൽ ...

ചെത്തുകാരനോട്‌ പ്യൂർ കള്ള്‌ ചോദിച്ചാൽ അമ്മച്ചിയാണേ.. കുത്തുകേസിന്‌ അകത്തുപോകും.... ചെത്തുകാരൻ ലോക്കപ്പിന്റകത്തും, ചോദിച്ചവൻ പെട്ടിക്കകത്തും.

വെള്ളം ചുമന്ന് പനേൽ കേറി പൊടികലക്കി ഇറക്കണതിന്റെ വിഷമം പുള്ളിക്കാരനും കർത്താവിനും മാത്രമേ അറിയൂ.

കർത്താവും കള്ളും തമ്മിൽ എന്ത്‌ ബന്ധം എന്നു ചോദിക്കുന്നവർക്ക്‌: അവർ തമ്മിലല്ലേ ബന്ധം. കർത്താവ്‌ ജനിച്ചതാഘോഷിക്കാൻ കള്ള്‌, അത്താഴം കുടിച്ചതാഘോഷിക്കാൻ കള്ള്‌, മരിച്ചതിന്റെ വിഷമം തീർക്കാൻ കള്ള്‌, ഉയിർത്തതിന്റെ സന്തോഷത്തിന്‌ കള്ള്‌, ഇനി കർത്താവിനെ സ്വീകരിച്ചാൽ(മാമ്മോദീസ, ആദ്യകുർബ്ബാന), അതിന്റെ സന്തോഷത്തിനും കള്ള്‌. ഇതിൽ പരം ബന്ധം എന്നതു വേണം?

Friday, May 2, 2008

2008-ലേ രണ്ടാം ഹർത്താലാഘോഷം

കാത്തിരുന്ന ബന്ദല്ലേ
കാലമേറെയായില്ലേ
ഷാപ്പിലൊന്നു കൂടണ്ടേ
റ്റീവീൽ ഹർത്താൽ സ്പെഷ്യൽ കാണണ്ടേ
ക്ഷീണമൊന്നുറങ്ങി തീർക്കണ്ടേ...

മനോഹരീ ബന്ദേ ബന്ദേ
വരാനിത്ര വൈകിയതെന്തേ
ഹർത്താൽ എന്ന പേരിൽ ബന്ദേ
വേഗമൊന്നു വായോ പൊന്നേ..

കേരളത്തിന്റെ ദേശീയോത്സവമായ ഹർത്താൽ വീണ്ടും വന്നെത്തി. ഇത്തവണത്തേത്‌ ഭാരതമൊട്ടുക്ക്‌ കൊണ്ടാടുന്നു എന്നുള്ളത്‌ അതിനു മാറ്റ്‌ കൂട്ടുന്നു. ഇന്നലെ അവധി, ഇന്നു ഹർത്താൽ, പിന്നെ നാളെ ശനി, മറ്റന്നാൾ ഞായർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും നാട്ടിൽ വരാൻ സാധിച്ചു. ഇത്ര നന്നായി ഈ ഹർത്താൽ ആസൂത്രണം ചെയ്ത സംഘാടകർക്ക്‌ നന്ദി.

ഇത്തവണത്തേ ഹർത്താലാഘോഷങ്ങൾക്ക്‌ വിപുലമായപരിപാടികളാണ്‌ പ്രതീക്ഷിക്കുന്നത്‌.

അടുത്ത്‌ താമസിക്കുന്ന സുഹൃത്തുക്കൾകൂടി സമീപപ്രദേശത്തെ കള്ള്ഷാപ്പുകളിലോട്ട്‌ പദയാത്രകൾ, വാളുവയ്പ്‌ മൽസരങ്ങൾ, റബ്ബർ തോട്ടങ്ങളിൽ വെള്ളമടി ആഘോഷങ്ങൾ (ഇന്നലെ ബിവറേജസ്‌ കോർപ്പറേഷൻ അവധിയാണെന്നു ഓർമ്മിച്ച്‌ നേരത്തേ സ്റ്റോക്ക്‌ ചെയ്തവർക്ക്‌ മാത്രം ബാധകം) എന്നിവ സംഘടിപ്പിക്കാവുന്നതാണ്‌.

ഇതിൽ താൽപര്യമില്ലാത്തവർക്ക്‌ മറ്റ്‌ കലാപരിപാടികൾ ആസൂത്രണം ചെയ്യാം.

മറ്റുദിവസങ്ങളിൽ വിശ്രമത്തിനുപോലും സമയമില്ലാത്തവർക്ക്‌ ധാരാളം ഒഴിവുസമയം കിട്ടുന്ന ദിവസമാണ്‌ ഹർത്താൽ.

സിനിമ കാണാൻ താൽപര്യമുള്ളവർക്ക്‌ വിവിധ ചാനലുകളിൽ ഹർത്താൽ സ്പെഷ്യൽ ബ്ലോക്ബസ്റ്റർ ചലച്ചിത്രങ്ങൾ കാണാവുന്നതാണ്‌.

വീടിനടുത്ത്‌ അത്യാവശ്യം പറമ്പൊക്കെ ഉള്ളവരാണെങ്കിൽ, ഫാമിലിയോടൊപ്പം പറമ്പിലോട്ടൊരു പിക്നിക്‌ പ്ലാൻ ചെയ്യാം. നടന്ന് പോകാനുള്ള ദൂരത്തുള്ള ബന്ധുജന സന്ദർശനം, രോഗീസന്ദർശനം എന്നിവയ്ക്കൊക്കെ ഏറ്റവും അനുയോജ്യമായ ദിവസമാണ്‌ ഹർത്താൽ ദിനം.

ഇതൊന്നും വേണ്ടെങ്കിൽ ദിവസം മുഴുവൻ കിടന്നുറങ്ങാം.(സർക്കാർ ജോലിക്കാരെ ഉദ്ദേശിച്ചല്ല, ഞങ്ങളേപോലുള്ള കേരളത്തിലെ പാവപ്പെട്ട സോഫ്റ്റ്വെയർ പ്രൊഫഷനലുകൾക്കും, മറ്റ്‌ പകൽ ഉറങ്ങാൻ സൗകര്യമില്ലാത്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി മാത്രം)

എന്നാ പിന്നെ പറഞ്ഞപോലെ. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹർത്താൽദിനാശംസകൾ. (അൽപം വൈകിപോയി, എണീറ്റ്വരാൻ കുറച്ചുതാമസിച്ചു). അപ്പോ ഞാൻ എന്തേലും ഞണ്ണിയേച്ചിട്ടും പോട്ടേ, വാളുവയ്പു മൽസരം ഒണ്ട്‌, ഇപ്പോതന്നെ വൈകി.

"പാർട്ടി ഏതായാലും ഹർത്താൽ നന്നായാൽ മതി, ജയ്‌ ഹർത്താൽ."

ബന്ദിന്റെയന്നും ഓഫീസിൽ പോകേണ്ട ദുര്യോഗമുള്ള അന്യസംസ്ഥാന മലയാളികളും, ബന്ദില്ലാത്ത നാടുകളിൽ ജീവിക്കുന്നവരും ക്ഷമിക്കുക. സാരമില്ല, നിങ്ങൾക്കും ഒരു ദിവസം വരും