കാത്തിരുന്ന ബന്ദല്ലേ
കാലമേറെയായില്ലേ
ഷാപ്പിലൊന്നു കൂടണ്ടേ
റ്റീവീൽ ഹർത്താൽ സ്പെഷ്യൽ കാണണ്ടേ
ക്ഷീണമൊന്നുറങ്ങി തീർക്കണ്ടേ...
മനോഹരീ ബന്ദേ ബന്ദേ
വരാനിത്ര വൈകിയതെന്തേ
ഹർത്താൽ എന്ന പേരിൽ ബന്ദേ
വേഗമൊന്നു വായോ പൊന്നേ..
കേരളത്തിന്റെ ദേശീയോത്സവമായ ഹർത്താൽ വീണ്ടും വന്നെത്തി. ഇത്തവണത്തേത് ഭാരതമൊട്ടുക്ക് കൊണ്ടാടുന്നു എന്നുള്ളത് അതിനു മാറ്റ് കൂട്ടുന്നു. ഇന്നലെ അവധി, ഇന്നു ഹർത്താൽ, പിന്നെ നാളെ ശനി, മറ്റന്നാൾ ഞായർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും നാട്ടിൽ വരാൻ സാധിച്ചു. ഇത്ര നന്നായി ഈ ഹർത്താൽ ആസൂത്രണം ചെയ്ത സംഘാടകർക്ക് നന്ദി.
ഇത്തവണത്തേ ഹർത്താലാഘോഷങ്ങൾക്ക് വിപുലമായപരിപാടികളാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത് താമസിക്കുന്ന സുഹൃത്തുക്കൾകൂടി സമീപപ്രദേശത്തെ കള്ള്ഷാപ്പുകളിലോട്ട് പദയാത്രകൾ, വാളുവയ്പ് മൽസരങ്ങൾ, റബ്ബർ തോട്ടങ്ങളിൽ വെള്ളമടി ആഘോഷങ്ങൾ (ഇന്നലെ ബിവറേജസ് കോർപ്പറേഷൻ അവധിയാണെന്നു ഓർമ്മിച്ച് നേരത്തേ സ്റ്റോക്ക് ചെയ്തവർക്ക് മാത്രം ബാധകം) എന്നിവ സംഘടിപ്പിക്കാവുന്നതാണ്.
ഇതിൽ താൽപര്യമില്ലാത്തവർക്ക് മറ്റ് കലാപരിപാടികൾ ആസൂത്രണം ചെയ്യാം.
മറ്റുദിവസങ്ങളിൽ വിശ്രമത്തിനുപോലും സമയമില്ലാത്തവർക്ക് ധാരാളം ഒഴിവുസമയം കിട്ടുന്ന ദിവസമാണ് ഹർത്താൽ.
സിനിമ കാണാൻ താൽപര്യമുള്ളവർക്ക് വിവിധ ചാനലുകളിൽ ഹർത്താൽ സ്പെഷ്യൽ ബ്ലോക്ബസ്റ്റർ ചലച്ചിത്രങ്ങൾ കാണാവുന്നതാണ്.
വീടിനടുത്ത് അത്യാവശ്യം പറമ്പൊക്കെ ഉള്ളവരാണെങ്കിൽ, ഫാമിലിയോടൊപ്പം പറമ്പിലോട്ടൊരു പിക്നിക് പ്ലാൻ ചെയ്യാം. നടന്ന് പോകാനുള്ള ദൂരത്തുള്ള ബന്ധുജന സന്ദർശനം, രോഗീസന്ദർശനം എന്നിവയ്ക്കൊക്കെ ഏറ്റവും അനുയോജ്യമായ ദിവസമാണ് ഹർത്താൽ ദിനം.
ഇതൊന്നും വേണ്ടെങ്കിൽ ദിവസം മുഴുവൻ കിടന്നുറങ്ങാം.(സർക്കാർ ജോലിക്കാരെ ഉദ്ദേശിച്ചല്ല, ഞങ്ങളേപോലുള്ള കേരളത്തിലെ പാവപ്പെട്ട സോഫ്റ്റ്വെയർ പ്രൊഫഷനലുകൾക്കും, മറ്റ് പകൽ ഉറങ്ങാൻ സൗകര്യമില്ലാത്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി മാത്രം)
എന്നാ പിന്നെ പറഞ്ഞപോലെ. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹർത്താൽദിനാശംസകൾ. (അൽപം വൈകിപോയി, എണീറ്റ്വരാൻ കുറച്ചുതാമസിച്ചു). അപ്പോ ഞാൻ എന്തേലും ഞണ്ണിയേച്ചിട്ടും പോട്ടേ, വാളുവയ്പു മൽസരം ഒണ്ട്, ഇപ്പോതന്നെ വൈകി.
"പാർട്ടി ഏതായാലും ഹർത്താൽ നന്നായാൽ മതി, ജയ് ഹർത്താൽ."
ബന്ദിന്റെയന്നും ഓഫീസിൽ പോകേണ്ട ദുര്യോഗമുള്ള അന്യസംസ്ഥാന മലയാളികളും, ബന്ദില്ലാത്ത നാടുകളിൽ ജീവിക്കുന്നവരും ക്ഷമിക്കുക. സാരമില്ല, നിങ്ങൾക്കും ഒരു ദിവസം വരും
Friday, May 2, 2008
2008-ലേ രണ്ടാം ഹർത്താലാഘോഷം
Subscribe to:
Post Comments (Atom)


No comments:
Post a Comment