കേരള്‍സ്.കോം കാണിച്ചത് തീര്‍ച്ചയായും ശരിയല്ല, പക്ഷേ കരിച്ചോണ്ട് പ്രതിഷേധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മോഷ്ടിക്കപ്പെട്ടവര്‍ കമ്പ്ലയന്റ് ചെയ്തിട്ട് തിരിച്ച് തെറികേട്ടിരുന്നെങ്കില്‍ ഞാനും കരിപ്പിച്ചേനെ, ഇത് വെറുതെ വഴീക്കോടെ പോയവന്റെ വായില്‍ കൈ ഇട്ടുകുത്തി തെറി കേട്ടിട്ട് പിന്നെ മോങ്ങിക്കൊണ്ട് വന്നാല്‍ ആശ്വസിപ്പിച്ച് ഐസ്ക്രീം വാങ്ങിക്കൊടുക്കണോ? ചെലവന്മാരാണെങ്കില്‍ എല്ലാരേംകൊണ്ട് കരിയടിപ്പിച്ചേക്കാം എന്നു നേര്‍ച്ചനേര്‍ന്നമട്ടാണ്.
പക്ഷേ കോപ്പിയടിക്കപ്പെട്ടവര്‍ക്കില്ലാത്ത സൂക്കേട് ഈ നാലുകെട്ടിന്റകത്തിരിക്കുന്ന ചേച്ചിക്കെന്നാത്തിനാ എന്നു മനസിലായില്ല, ഓ നാലുകെട്ടൊക്കെ മടുത്ത് ചേച്ചി ബൂലോകത്തിന്റെ തന്നെ കെട്ടിലമ്മയാകാനുള്ള ശ്രമത്തിലായിരിക്കും, അതിന്റെ പൊറക വെറുതേ ബഹളമുണ്ടാക്കാന്‍ കൊറേയവന്മാരും. ഈ ചേച്ചിക്ക് ഇതിന്റെ വല്ല കാര്യമുണ്ടായിരുന്നൊ (ചേച്ചീടെ ഒന്നും മോഷ്ടിച്ചില്ലാന്ന് ചേച്ചി തന്നെ പറയുന്നു, ഇനി മോഷ്ടിക്കപ്പെടാത്തതിന്റെ സങ്കടമാണോ?)
ഞാന്‍ എന്റെ അപ്പുറത്തുള്ളവന്റെ പറമ്പില്‍ കയറി രണ്ട് തേങ്ങ എടുത്തു, അതു ചോദ്യം ചെയ്യാന്‍ ആ പറമ്പിന്റെ ഉടമസ്ഥന് അവകാശമുണ്ട്, ചോദിച്ചാല്‍ അതിനു സമാധാനം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്. പക്ഷേ അതിന്റേം അപ്പുറത്തെ പറമ്പിലുള്ളവന്‍ വന്ന് "നിനക്കാരാടാ ഡാഷേ അവന്റെ പറമ്പീന്ന് തേങ്ങാ എടുക്കാന്‍ അനുവാദം തന്നത്, നിന്നെ ഞാന്‍ കോടതികേറ്റും" എന്നൊക്കെ പറഞ്ഞാല്‍, ഞാന്‍ തിരിച്ച് നാലു തെറി വിളിക്കണോ, അതോ അവന്റെ കാലേല്‍ വീഴണോ?? നിങ്ങള്‍ തന്നെ പറ.
ഇതു തന്നെയല്ലെ ഈ ചേച്ചീം ചെയ്തത്? അവനോന്റെ കാര്യം നോക്കി നടക്കുക, മറ്റുള്ളവര്‍ക്ക് സഹായം വേണ്ടപ്പോള്‍ സഹകരിക്കുക, അല്ലാതെ കാണണോടത്ത് മുഴുവന്‍ കേറി അഭിപ്രായം പറഞ്ഞാല്‍, ഇപ്പോ ഈ പുറകേ നടക്കണവര്‍ പോലും പുല്ലുവില കല്‍പിക്കില്ല.
ചുമ്മാ വേലിയേല്‍ക്കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച്, കടിക്ക് കടിക്ക് എന്നു പറഞ്ഞ്, കടിമേടിക്കാന്‍ ഈ ചേച്ചിക്കെന്നാത്തിന്റെ കടിയാ? ചേച്ചിയെന്നാ ബൂലോഗ പോലീസോ??
ഏതായാലും ചേച്ചിയല്ല കരിവാരത്തിന്റെ പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം, ചേച്ചിക്ക് കുറച്ചൊക്കെ വിവരം ഒണ്ട്.
Disclaimer: കേരള്‍സ്.കോം ചെയ്തത് തെണ്ടിത്തരമാണ്, നാറിത്തരമാണ്, പകല്‍ക്കൊള്ളയാണ്, പക്ഷേ ചോദിച്ചുമേടിച്ചിട്ട് പ്രതിഷേധിക്കുന്നതില്‍ എന്തര്‍ത്ഥം? ഞാന്‍ ഒരു ശിശു, ബ്ലോഗെന്നുവച്ചാല്‍ എന്നതാന്ന് പഠിച്ചുവരുന്നേ ഉള്ളൂ, അതുകൊണ്ട് ചെറിയവായില്‍ വലിയവര്‍ത്തമാനം പറയണ്ട എന്നു വിചാരിച്ച് ഇതൊക്കെ വായിച്ചുരസിച്ചിരിക്കുവായിരുന്നു, പക്ഷേ ഓരോരുത്തരുടെ ശുഷ്കാന്തി കാണുമ്പോള്‍, ചൊറിഞ്ഞു വരുന്നു, അതുകൊണ്ട് ചൊറിച്ചില്‍ തീര്‍ക്കാന്‍ എഴുതീതാ, ഇനി ആര്‍ക്കെങ്കിലും ഇതു വായിച്ചിട്ട് ചൊറിഞ്ഞെങ്കില്‍, കൈത്തരിപ്പുതീര്‍ക്കാന്‍ എന്റെ പുറം അന്വേഷിച്ചേക്കല്ലേ പ്ലീസ്, ഞാന്‍ ചത്തുപോകും (റഫര്‍: എന്റെ പ്രൊഫൈല്‍ ഫോട്ടോ)
Wednesday, June 11, 2008
ബൂലോക വനിതാപ്പോലീസ്
Monday, June 2, 2008
ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും പിന്നെ തൊടുപുഴേലെ പൗലോസണ്ണന്മാരും
കര്‍ത്താവിന്റെ ദിവസം പള്ളീല്‍പ്പോലും പോകാതെ ഓഫീസിലിരുന്നു വിശുദ്ധമായി ആചരിക്കേണ്ടി വന്നതിനാല്‍ തൊടുപുഴ-എറണാകുളം ട്രിപ്പ് അടിക്കാന്‍ ഞായ്യാറാഴ്ച രാവിലേ ഇറങ്ങി, പതിവുപോലെ തൊടുപുഴ ബസ് അതിന്റെ പാട്ടിനു പോയി (ബാത്തുറൂമില്‍ പാട്ടുകച്ചേരി നടത്തുമ്പോള്‍ ഓര്‍ക്കണായിരുന്നു). എന്നാ പിന്നെ തൊടുപുഴവരെ ബൈക്കിനങ്ങുപോകാം എന്നു വിചാരിച്ച് കാലിന്റിടയ്ക്ക് ബൈക്കും വച്ചിറങ്ങി, അപ്പോ പ്രായം വച്ച് നോക്കിയാല്‍ എന്റെ ചേട്ടനാവാന്‍ പ്രായമുള്ള ഹെല്‍മെറ്റണ്ണന്‍ തൊള്ള തുറക്കണു, "എടാവേ ചങ്ങാതി, എന്നേംകോടെ എടുക്കഡാവേ, ഇല്ലെങ്കില്‍ നിന്റെ കീശേല്‍ കെടക്കണ കാശ് പോലീസുജീപ്പിലേറി കാശിക്കു പോകും". പോക്കറ്റില്‍ കിടക്കുന്ന കാശിനോടുള്ള ബഹുമാനം കാരണം ഒടക്കൊണ്ടാക്കാന്‍ പോയില്ല, ലവനേ എടുത്ത് ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ മണ്ടയ്ക്കുവച്ചുകൊടുത്തു (പിന്നേ.. എന്റെ തലേ വെയ്ക്കും, അതിനു കൊറേ പുളിയ്ക്കും... രാവിലെ പള്ളീപ്പോകാന്‍ കൂട്ടത്തോടെ എറങ്ങണ ചെല്ലക്കിളികള്‍ക്ക് തലേല്‍ ചട്ടികമത്തിയ ഒരുത്തനേ കളിയാക്കിചിരിച്ചതിന്റെ പേരില്‍ കുമ്പസാരിക്കാനെടകൊടുക്കണതെന്തിനാ. സംഭവം ആരുടേങ്കിലും തലേലിരുന്നാല്‍ പോരെ). പോലീസേമാന്മാരാണെങ്കില്‍ ഭൂതകാലത്തിലെ കെട്ടെറങ്ങി, വര്‍ത്തമാനകാലത്തില്‍ വന്ന്, ഫാവിയിലേയ്ക്കുള്ള കുടിവെള്ളപ്പിരിവിനിറങ്ങാന്‍ സമയമാകാത്തതുകൊണ്ട് ധൈര്യമായി പോകാം. അങ്ങനെ കുന്ത്രാണ്ടം പാര്‍ക്ക് ചെയ്ത് എറണാകുളം ബസുപിടിച്ച് ഞാന്‍ സുന്ദരമായി, സുന്ദരനായി ഒരു സുന്ദരന്‍സീറ്റിലിരുന്ന് ഉറക്കം പിടിച്ചു (ഉറക്കം വന്നില്ലേലും കട്ടയ്ക്കു കണ്ണടച്ചുറക്കം നടിച്ചോളണം, ഇല്ലേ വല്ലോ അപ്പാപ്പന്മാരോ, പിള്ളേരെ എടുത്തവരോ കേറിയാല്‍ മനസാക്ഷിക്കുത്ത് തോന്നും, അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല). ഹെല്‍മെറ്റണ്ണന്റെ കാര്യമാണെങ്കില്‍പിന്നെ, പ്രായത്തോടുള്ള ബഹുമാനം കാരണം ആരും അതെടുക്കാന്‍ പോയിട്ട് തൊട്ടുനോക്കുകപോലുമില്ല.
അങ്ങനെ വൈകുന്നേരമായപ്പോഴെക്കും പണീം തീര്‍ത്ത് ബസുകയറി തിരികെ തൊടുപുഴയെത്തി, വീണ്ടും ബൈക്കും കാലിന്റിടയ്ക്ക് വച്ച് വീട്ടിലോട്ട്, പക്ഷെ ഇപ്പോ ഹെല്‍മെറ്റണ്ണന്‍ എന്റെ സ്വന്തം തലയില്‍, നൂറുരൂപയോടുള്ള സ്നേഹം നോക്കണേ, വേണേ മണ്‍കലം വരെ തലേ കമത്തും, എന്റെടുത്താ കളി (രണ്ട് പെണ്ണുങ്ങള്‍ കളിയാക്കിയാലെന്നാന്നേ, നാലെണ്ണത്തിന് ഐസ്ക്രീം മേടിച്ചുകൊടുക്കാനുള്ള ജോര്‍ജൂട്ടി കയ്യിലിരിക്കൂല്ലോ). പക്ഷേ അഞ്ച് കിലോമീറ്റര്‍ തികച്ചോടിച്ചില്ലാ, ഈശ്വരാ, വണ്ടിയേല്‍ കേറണോടം വരെ തുണി ഒക്കെ ഒണ്ടാര്‍ന്നു, ഇനി എങ്ങാനും പറന്നു പോയോ, നാട്ടുകാരൊരുമാതിരി ആലുമ്മൂടന്‍ ഡംബെല്‍സ് എടുത്തുനിക്കണ കണ്ടപോലെയോ, കോഴിത്തീട്ടം കണ്ടപോലെയോ ഒക്കെ നോക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി ആകെ ഒന്നു നോക്കി, തുണിയൊക്കെ എന്നാഡാവേ എന്നും ചോദിച്ച് അവിടെത്തന്നെയൊണ്ട്, അപ്പോഴാണ് പ്രതിയെ പിടികിട്ടീത്, തലേല്‍ ഇരിക്കണ അലുമിനിയം ചട്ടി, പണ്ടാരം എടുത്ത് ഒരേറുവച്ചുകൊടുക്കാന്‍ തോന്നി, ആ തോന്നലിനേം നൂറുരൂപയോടുള്ള സ്നേഹം ഓവര്‍കം ചെയ്തു. അങ്ങനെ ഞാനും ചട്ടീം വീണ്ടും പ്രയാണം തുടര്‍ന്നു.
നമ്മുടെ നാട്ടിലൊക്കെ മെയിന്‍ റോഡിനേക്കാള്‍ ചെക്കിംഗ് ഊടുവഴികളിലാ, ചിലപ്പോ വീട്ടുമുറ്റത്തു വന്ന് വരെ അച്ചായന്മാര് ചെക്ക് ചെയ്യും. സൈക്കിളുകാരോട് നംബര്‍പ്ലേറ്റെവെടാഡാ എന്നു ചോദിക്കണ പാര്‍ട്ടികളാ. അതുകൊണ്ട് പിന്നെ സാധനം തലേന്നെടുത്തില്ല, അങ്ങനെ ഒരു വളവു തിരിഞ്ഞപ്പോള്‍, രണ്ട് കാക്കികളറുകള്‍ ഒരു ഊടുവഴീടടുത്തുന്ന് മറവിലോട്ട് ഓടിമാറുന്നത് ഒരു മിന്നായം പോലെ കണ്ടു. ലൈസന്‍സ് കിട്ടീട്ട് വര്‍ഷം ആറായി, ഇതുവരെ ഒരച്ചായനും കൈ കാണിച്ചിട്ടില്ല, ഇന്നെങ്കിലും അതിനു ഭാഗ്യമുണ്ടകുമോ മുതലക്കുടത്ത് മുത്തപ്പാ എന്നും വിചാരിച്ച് ഞാന്‍ സ്പീഡ് കുറച്ചു (പെര്‍ഫക്ട് ബ്രേയ്ക്കാ, കോതമംഗലത്ത് കൈകാണിച്ചാല്‍, നിക്കുന്നത് കോഴിക്കോട് ചെന്നായിരിക്കും, വെറുതെ എന്നാത്തിനാ ഏമാന്മാര്‍ക്ക് പണിയൊണ്ടാക്കണെ). മുതലക്കൊടത്തുമുത്തപ്പന്‍ പ്രാര്‍ത്ഥന കേട്ടു, ഊടുവഴിക്കടുത്തെത്തിയപ്പോള്‍, ദേ നേരത്തേ പുറകോട്ടുചാടിയ ചേട്ടന്മാര്‍ കൈയും നീട്ടി മുന്നോട്ട് ചാടുന്നു, പുറകില്‍ നാലഞ്ചെണ്ണം ജീപ്പു സഹിതം വേറേ. പക്ഷേ തലേല്‍ ചട്ടി ഇരിക്കണ കണ്ടതോടെ എല്ലാത്തിന്റേം മുഖം മങ്ങി, അപ്പോ അറ്റകൈയ്ക്ക് ഒരണ്ണന്‍ റ്റെയില്‍ ലൈറ്റിന്റെ അടുത്ത് പോയി ഉണിഞ്ഞുനോക്കുന്നു ( അയ്യേ സാറേ എന്റെ വണ്ടിക്കു നാണമാകും എന്നു പറയണം എന്നുണ്ടയിരുന്നു, പക്ഷേ അപ്പോ എനിക്കു നാണം വന്നതുകൊണ്ട് പറഞ്ഞില്ല.. അല്ലാതെ പേടിച്ചിട്ടൊന്നും അല്ല), ഞാന്‍ ബ്രേയ്ക്കില്‍ ഒന്നൂടെ മുറുക്കെപ്പിടിച്ചു, ബ്രേയ്ക്കില്ലെങ്കിലും ബ്രേയ്ക്ക് ലൈറ്റ് നല്ല വെടിച്ചില്ലുപോലെ കത്തും. അതോടെ ഇനി ഇവന്റെ കയ്യീന്നൊന്നും മേടിക്കാനുള്ള വകുപ്പില്ല എന്ന് അണ്ണന്മാര്‍ക്ക് മനസ്സിലായി എന്നു തോന്നുന്നു, കാരണം വണ്ടീടെ പഴക്കം വച്ച് ഈ പറഞ്ഞ സാധനം ഒന്നും തെളിയണ്ടതല്ല. ഇനി എന്നതാ സാറന്മാര്‍ക്ക് പരിശോധിക്കണ്ടെ എന്ന ലൈനില്‍ ഞാന്‍ എല്ലാരേം ഒന്നു നോക്കി. നിന്നോടാരാടാ കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞേ എന്നുള്ള രീതിയില്‍, കൈ കാണിച്ച ഏമാന്‍ എന്റെ നേരെ ഒന്നു നോക്കീട്ടു സഹ വേട്ടക്കാരെ നോക്കി, എല്ലാരും തലയാട്ടി.. ഉടനെ ഏമാന്‍ ഉം ഉം.. പൊക്കോ പൊക്കോ എന്നായി, ഞാന്‍ അങ്ങനെ ജീവിതത്തിലെ ആദ്യത്തെ ചെക്കിംഗ് പാസായ സന്തോഷത്തില്‍, അമ്പട കള്ളാ എന്നു ഹെല്‍മെറ്റിനൊരു തട്ടും കൊടുത്ത് യാത്ര തുര്‍ന്നു.
തൊടുപുഴയിലെ ചില വേട്ടചരിത്രങ്ങള്
സ്ഥലം തൊടുപുഴേന്നു പത്തുകിലോമീറ്റര്‍ അകലെയുള്ള കരിമണ്ണൂര്‍. കരിമണ്ണൂര്‍ പള്ളീല്‍ ആരുടേയോ ശവസംസ്കാരം; പരദൂഷണം പറഞ്ഞു കഴിഞ്ഞ് ആളുകള്‍ പുറത്തോട്ടിറങ്ങുന്നു, ചാകരയും കാത്ത് കരിമണ്ണൂര്‍ എസ്. ഐ പള്ളീടെ വാതുക്കല്‍ ഉണ്ടെന്ന് ആരും അറിഞ്ഞില്ല. വാഹനം കൊണ്ടുവന്ന എല്ലാവര്‍ക്കും ഒരു പക്ഷഭേദോം ഇല്ലാതെ കിട്ടി ഫൈന്‍, അങ്ങനെ നേര്‍ച്ച ഇടാതെ പിശുക്കിയ കാശും അതിന്റെ പലിശേം കൊണ്ട് ഏമാന്റെ കീശ കുശാല്‍.
ഒരു ചൊവ്വാഴ്ച സന്ധ്യകഴിഞ്ഞ്, ഏതാണ്ട് ഏഴര മണി, ഞാനും ഫാദര്‍ഖാനും കൂടെ കാറില്‍ തൊടുപുഴയ്ക്ക് പോകുന്നു, ആദ്യം പറഞ്ഞ ഊടുവഴി മറ്റൊരു ബൈപ്പാസില്‍ ചേര്‍ന്നിട്ട്, ആ ബൈപ്പാസ് മെയിന്‍ റോഡില്‍ ചേരുന്ന (അഞ്ചും കൂടിയ കവല എന്നു വേണെങ്കില്‍ പറയാം, ഒരു കുന്നിന്റെ മുകള്‍ ഭാഗമാ, അവിടെ ഒരു മൂലയ്ക്കു വണ്ടി നിര്‍ത്തിയാല്‍, കയറ്റം കയറി മുകളില്‍ എത്തിക്കഴിഞ്ഞാലേ കാണാന്‍ പറ്റൂ, ഇത് ഒരു ചെക്കിംഗ് ഹോട്ട് സ്പ്പോട്ടാന്ന് പറയണ്ട കാര്യമില്ലല്ലോ) കവലയ്ക്കുമുമ്പുള്ള വല്യ കയറ്റത്തിന്റെ താഴെ എതിയപ്പോള്‍ ഞാന്‍ അപ്പനോട് ചോദിച്ചു, "കൈയ്യില്‍ ആയിരം രൂപ കാണുമോ?"
"ഒണ്ട്, എന്നതിനാ?"
"അല്ലാ മോളില്‍ മാമന്മാര്‍ ചെക്കിങ്ങിനു നിപ്പുണ്ടെങ്കില്‍ സീറ്റ്ബെല്‍റ്റിട്ടിട്ടില്ലാത്ത സ്ഥിതിക്ക് രൂപാ ആയിരം പോക്കാ, അത് കൊണ്ടുപോയി അവന്മാര്‍ ഇന്ധനമടിച്ച് മുള്ളിക്കളയും, ചിലപ്പോള്‍ വാളും വെയ്ക്കും. ആ കാശിനു വണ്ടിയ്ക്കിന്ധനം അടിച്ചാല്‍ ഒന്നരമാസം സുഖമായി കഴിച്ചുകൂട്ടാം, അതുകൊണ്ട് സീറ്റ് ബെല്‍റ്റ് ഇട്ടേക്കാല്ലേ??"
"എപ്പൊ ഇട്ടൂന്ന് ചോദിച്ചാപ്പോരേ."
അങ്ങനെ കയറ്റത്തിന്റെ മോളില്‍ എത്തി, സ്ട്രീറ്റ് ലൈറ്റുകളൊന്നും തെളിഞ്ഞിട്ടില്ല, പെട്ടന്ന് സൈഡില്‍ നിന്ന് ഒരു കൈ നീണ്ടുവരുന്നു, വണ്ടി സഡന്‍ബ്രേയ്ക്കിട്ടു നിര്‍ത്തി, പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം വണ്ടിയ്ക്കകത്തോട്ട്, ഒരു പോലീസ് പ്രേതം ടോര്‍ച്ചും പിടിച്ച് വന്നതാ. വണ്ടി തന്നെ ഓടി വരുന്നതാണോ, അതോ അതിനൊരു സാരഥിയുണ്ടോ എന്നു നോക്കാന്‍ വന്നതായിരിക്കും, ആളുണ്ടെങ്കില്‍ കുറച്ച് ചുണ്ണാമ്പും ചോദിക്കാമല്ലോ. വെഞ്ചിരിച്ചുകെട്ടിയ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു, ഇല്ലെങ്കില്‍ പോലീസ് പ്രേതം ചോര കുടിച്ചോണ്ടേനെ.
ഈ കാര്യങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് പത്രങ്ങളില്‍ വരുന്നുണ്ട്, ആഫ്യന്തരമന്ത്രി വന്നപ്പോള്‍ സാറ്റ് കളിയേപ്പറ്റി പരാതീം ഉയര്‍ന്നു, അതോടെ ഏമാന്മാര്‍ക്ക് കളിയില്‍ ശുഷ്കാന്തി കൂടി.
മിക്കവാറും വ്യാജബില്ലുകളാണ് പിഴകെട്ടുന്നവര്‍ക്കുനല്‍കുന്നതത്രേ, അപ്പോ ഇതു മുഴുവന്‍ യെവന്മാരുടെ പോക്കറ്റില്‍ (എല്ലാവരും ഇങ്ങനെയാണെന്നല്ലാ, സത്യസന്ധര്‍ ഉണ്ടാവാം). ഏതായാലും ഞാന്‍ ഈ പെഴകള്‍ക്ക് ഇതുവരെ അണാപൈസ കൊടുത്തിട്ടില്ല, ദൈവം സഹായിച്ചാല്‍ ഇനിയൊട്ട് കൊടുക്കത്തുമില്ല. അമ്മച്ചിയാണേ കൊടുക്കുകേല.
ഇനി ഇതൊക്കെ യഥാര്‍ത്ഥത്തില്‍ ഘജനാവിലോട്ടാണുപോകുന്നതെങ്കില്‍, ഈ പൈസ ഒക്കെ പിരിച്ചിട്ടും കഴിഞ്ഞ മഴക്കാലത്ത് പൊളിഞ്ഞ വഴികള്‍ ഇപ്പോഴും അതേ അവസ്ഥയില്‍തന്നെയാ, റോഡേതാ കൊളമേതാ എന്നു തിരിച്ചറിയാന്‍ പറ്റില്ല. ആദ്യം സൗകര്യങ്ങള്‍ ഉണ്ടാക്കുക, എന്നിട്ട് നിയമം പാലിക്കാന്‍ ഇറങ്ങുക. എത്ര പേരുടെ ജീവനുകളാണ് കേരളത്തിലേ റോഡുകളിലെ ചതിക്കുഴികളില്‍പ്പെട്ട് പൊലിയുന്നത്, എത്രയേറെപ്പേരുടെ നടുവുപൊളിയുന്നു, വാഹനങ്ങള്‍ക്കുണ്ടാവുന്ന കേടുപാടുകള്‍ വേറെ. അതുകൊണ്ട് സര്‍ക്കാരേ, ആദ്യം റോഡുകള്‍ നന്നാക്കുക, എന്നിട്ട് ഹെല്‍മെറ്റ്-സീറ്റ് ബെല്‍റ്റ് വേട്ടയ്ക്ക് പോലീസിനെ ഇറക്കുക, ആരും ഒരു പരാതീം പറയില്ല. ഇതൊന്നും ഇല്ലാതെ ഒളിഞ്ഞിരുന്ന് വേട്ടയാടാന്‍ നിങ്ങള്‍ക്ക് ധാര്‍മ്മികമായി എന്ത് അവകാശം???
ഒളിച്ചുകളി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണം, എന്നിട്ടു തൊടുപുഴ പോലീസിന്റെ റ്റീമിനെ കളിക്കാന്‍ വിടണം, നമുക്ക് ഗോള്‍ഡ് മെഡല്‍ ഉറപ്പാ, സാക്ഷാല്‍ ബിന്‍ ലാദന്‍ വന്നാല്‍പ്പോലും തോറ്റു തുന്നം പാടിയോടും. അങ്ങനെ എങ്കിലും ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരു ഗോള്‍ഡ് മെഡല്‍ കിട്ടട്ടെ. കളി നമ്മുടടുത്താ.
Wednesday, May 21, 2008
ലാലേട്ടനെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത എന്തിനോടാണു താങ്കള്‍ ഉപമിക്കുന്നത്??
ലാലേട്ടനെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത എന്തിനോടാണു താങ്കള്‍ ഉപമിക്കുന്നത്??
ഇന്നു ലാലേട്ടന്റെ പിറന്നാള്‍, അത് ക്ലബ്ബ് എഫ് എം ആഘോഷിച്ചോണ്ടിരിക്കുവാണിപ്പോള്‍. ബാല്‍-ക്കെണി നീന ചോദിക്കുന്നു, നിങ്ങള്‍ക്ക് ലാലേട്ടനെ എത്ര ഇഷ്ടമാണ്, ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത എന്തിനോടാണ് നിങ്ങള്‍ ലാലേട്ടനെ ഉപമിക്കുക??
അതെന്നാ ചോദ്യമാഡാവേ.. ജീവിതത്തില്‍ "ഒഴിച്ചുകൂടാന്‍" ആവുന്ന കാര്യത്തോടല്ലേ പുള്ളിക്കാരനെ ഉപമിക്കാന്‍ പറ്റൂ. രാവിലേ എണീക്കുമ്പോള്‍ മുതലങ്ങോട്ട് പുള്ളിക്കാരനെ ഓര്‍ത്തോണ്ടാ പോക്ക്.
ഞങ്ങളുടെ ഗുഡ് മോര്‍ണിംഗ് വിഷ് "അളിയാ വൈകിട്ടെന്നാ പരിപാടി??" ഗുഡ് ആഫ്റ്റര്‍നൂണ്‍ വിഷ് "വൈകിട്ടെന്നാ പരിപാടി മച്ചൂ??" നാലുമണി വിഷ് "എന്തുട്ടാണ്ടാ ഗഡി വൈകിട്ട് പരിപാടി??". അപ്പോ വിചാരിക്കും ഗുഡ് നൈറ്റ് എങ്ങനാന്ന്, ദാ ഇങ്ങനെ "അളിയന്‍സ്, നാളെ വൈകിട്ടെന്നാഡാവേ പരിപാടി??". അപ്പോ പിന്നെ ഒഴിച്ചുകൂട്ടാനാവാത്തതിനോടെങ്ങനാ ലാലേട്ടനെ ഉപമിക്കുന്നത്??
ലാലേഡോ, താങ്കള്‍ ഇല്ലാത്ത ജീവിതം ഞങ്ങള്‍ക്ക് പരിപാടി ഇല്ലാത്ത വൈകുന്നേരം പോലാണ്, ഗ്യാസ് പോയ ബിയര്‍ പോലാണ്, പെണ്ണില്ലാത്ത താങ്കളുടെ സിനിമ പോലാണ്, ഐസില്ലാത്ത പെഗ്ഗുപോലാണ്.. സത്യന്‍, സോറി സത്യം!!
അപ്പോ മോനേ ലാല്‍ ദിനേശ്, സന്തോഷം ജന്മദിനം താങ്കള്‍ക്ക്, സന്തോഷം ജന്മദിനം താങ്കള്‍ക്ക്... !!! പിറന്നാളായിട്ട് വൈകിട്ടെന്താണുഭായ് പരിപാടി??
അപ്പഴേ, ഞാന്‍ പോയി ക്ലുബ്ബിലൊന്നു വിളിച്ചു നോക്കട്ടേ, സ്റ്റേ റ്റ്യൂണ്‍ഡ് !!!
Monday, May 5, 2008
ഉപദേശംകൊണ്ട് അരി ഉണ്ടാവുമോ??
ബുഷിന്റെ കൂടെക്കൂടി ജന്മനാടിനെ തള്ളിപ്പറയുന്നവരോട് ഒരു വാക്ക്... കേരളീയര്‍ ആദ്യം നന്നാവണം, കൃഷി ചെയ്യണം എന്നൊക്കെ ഉപദേശിക്കുന്നവര്‍ ആദ്യം കൃഷി ചെയ്യട്ടെ.
പറയുന്ന കാര്യങ്ങള്‍ ഒക്കെ ശരി തന്നെ. വീട്ടിലും ഒണ്ട് കുറച്ച് നെല്‍പ്പാടം, പാട്ടത്തിനെടുത്ത് കൃഷിചെയ്യാന്‍ കുറച്ചുപേര്‍ ഇപ്പോഴും നാട്ടില്‍ ഉള്ളതുകാരണം അവിടെ ഇപ്പോഴും കൃഷി നടക്കുന്നു. അവര്‍ എന്നാണാവോ ഇത് അവസാനിപ്പിക്കുന്നത്, അന്ന് തീരും കൃഷീം, കഞ്ഞികുടീം. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ഇനി അടുത്ത കൃഷിയിറക്കാന്‍ ആരും വന്നില്ലെങ്കില്‍ എന്നാ ചെയ്യും എന്നുള്ള ടെന്‍ഷനാ. ട്രാക്ടറും ടില്ലറും ഒക്കെ ഉള്ളതുകൊണ്ട് ഉഴുത് കിട്ടും, സ്വന്തമായി വിതക്കുകേം ചെയ്യാം. വളമിടല്‍, കളപറിക്കല്‍ ഒക്കേം സ്വയം ചെയ്യാം എന്നു വിചാരിക്കാം, പക്ഷേ എങ്ങനെ വിളവെടുക്കും?? അരി മേടിക്കാന്‍ പോകണ്ടല്ലോ എന്നുള്ള ഒറ്റക്കാരണം കൊണ്ട്, നഷ്ടം സഹിച്ചും കൂലി കൊടുത്ത് കൊയ്ത്ത് നടത്താം എന്നു വിചാരിച്ചാലും ആളേ കിട്ടണ്ടേ. യന്ത്രമിറക്കാനാണെങ്കില്‍ 'രാഷ്ട്രീയകൃഷിക്കാര്‍' സമ്മതിക്കുമോ? (കുട്ടനാട്ടില്‍ നമ്മള്‍ കണ്ടതല്ലേ??)
ഭീമമായ തുക കൂലി കൊടുക്കാമെന്ന് വിചാരിച്ചാല്‍പ്പോലും ഇന്ന് പറമ്പില്‍ പണിയാന്‍ ഒരാളേം കിട്ടില്ല, തെങ്ങു കയറാന്‍ ആളില്ല, എന്തിനേറെ പറയുന്നു, റബ്ബര്‍ ടാപ്പിങ്ങിനുപോലും ആള്‍ക്കാരേ കിട്ടാനില്ലാതായിക്കൊണ്ടിരിക്കുന്നു. പണ്ട് കൃഷിപ്പണിക്ക് നടന്നിരുന്ന ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കെട്ടിടം പണി, പെയ്ന്റിംഗ്, ഫ്ലോറിംഗ് ജോലികള്‍ എന്നിവയ്ക്കാണ് പോകുന്നത്.(സ്കില്‍ഡ് വര്‍ക്കേഴ്സിന്റെ കാര്യമല്ല). ചുരുക്കം പറഞ്ഞാല്‍ ഇന്ന് കണ്‍സ്ട്രക്ഷന്‍ മേഘലയിലാണ് തൊഴിലാളികള്‍ ഏറെ. കൂലികൂടുതല്‍ കിട്ടുമെന്നതാവാം പ്രധാന കാരണം, പിന്നെ കൃഷിപ്പണിക്ക് ഒരു ഇത് ഇല്ലല്ലോ.. ഏത്??
ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ആളുകള്‍ കൃഷിയേ തള്ളിപ്പറഞ്ഞ് മറ്റ് മേഘലകളില്‍ ചേക്കേറുന്നു. എന്നാല്‍ കൃഷിയേ സ്നേഹിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്നുള്ളത് ആശ്വാസം നല്‍കുന്ന കാര്യമാണ്. നഗരത്തിലേ പല വീടുകളിലും ഇപ്പോള്‍ ടെറസ്സില്‍ പച്ചക്കറി നട്ടുവളര്‍ത്തുന്നുണ്ട്.
അത്യാവശ്യം വാഴയും, കപ്പയും മറ്റ് ഫലവൃക്ഷങ്ങളും, പിന്നെ നെല്‍കൃഷിയുമൊക്കെ ഉള്ളതുകൊണ്ട് വീട്ടില്‍ വല്യ പ്രശ്നങ്ങളില്ലാതെ പോകുന്നു (അപ്പന് സ്തുതി, ബാങ്കുദ്യോഗസ്ഥനായ പുള്ളിയേ വീട്ടില്‍ കാണാന്‍ കിട്ടാത്ത ദിവസങ്ങളാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞും, ഞായറാഴ്ചയും. ഫുള്‍ ടൈം, തൂമ്പേം വാക്കത്തീമായിട്ട് പറമ്പില്‍ ആയിരിക്കും). ഞാനടക്കം ഇന്നത്തെ യുവതലമുറയില്‍പെട്ട ഭൂരിഭാഗം ആളുകള്‍ക്കും പക്ഷേ ഇതിനൊന്നും നേരമില്ല.
പക്ഷേ ഇന്നത്തെക്കാലത്ത് കൃഷികൊണ്ട് ജീവിക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. എന്തൊക്കെ ചെയ്താലും അവസാനം കൃഷിക്കാരന് ഒന്നും കിട്ടാനില്ല. എല്ലാത്തിനോടും മല്ലിട്ട് എന്തെങ്കിലും ഉണ്ടാക്കിയാലോ, മുടക്കുമുതല്‍ പോലും തിരിച്ച് കിട്ടില്ല. അവസാനം ഒരു കയറിന്‍ തുമ്പിലോ, വിഷക്കുപ്പീലോ തീരുന്നു കര്‍ഷകന്റെ ജീവിതം.
ഇവിടെ ആരുടേം ഉപദേശം കൊണ്ട് ഒന്നും ശരിയാകാന്‍ പോകുന്നില്ല. ഉപദേശിക്കാന്‍ എല്ലാവര്‍ക്കും പറ്റും, അതുകൊണ്ട് ഒരു ഗുണവും ഇല്ലെന്നു മാത്രം. അവനവന് എന്തു ചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ചുനോക്കുക, ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ഒരു ചെറിയ കാര്യം എങ്കിലും ചെയ്താല്‍ അത് ഭാവിയിലേയ്ക്ക് ഒരു മുതല്‍കൂട്ടാവുമെന്നതില്‍ ഒരു സംശയവുമില്ല.
പിന്നെ ബുഷ് എന്ന മന്ദബുദ്ധി എന്തുപറഞ്ഞാലും ഇവിടെ ഒരു പുല്ലും ഇല്ല, അയാളോട് പോയി തുലയാന്‍ പറ. ജൈവ ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ ഭൂരിഭാഗം കൃഷിഭൂമിയും ഉപയോഗിക്കുന്ന അമേരിക്കക്കാരന് ഭക്ഷ്യക്ഷാമത്തേക്കുറിച്ചുപറയാന്‍ എന്ത് യോഗ്യത??? നിങ്ങളുടെ കാറില്‍ ഒരു ഫുള്‍ ടാങ്ക് ഗ്യാസ് നിറയ്ക്കാന്‍ വേണ്ടത് നിങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ടിവരുന്ന ചോളമാണത്രേ.
ബുഷു പറഞ്ഞതിനോട് യോജിക്കുന്നവര്‍ ഇതും ഇതും ഇതും ഒക്കെ ഒന്നു നോക്കുക.
അപ്പോള്‍ ചര്‍ച്ചനിര്‍ത്തി, നമ്മള്‍ക്ക് തൊടിയിലേക്കിറങ്ങാം, ഭക്ഷ്യക്ഷാമമില്ലാത്ത ഒരു നല്ലനാളേയ്ക്കായി നമ്മളാല്‍ കഴിയുന്നത് ചെയ്യാം.
കാണം വിറ്റും ഓണം ഉണ്ണണം!!! ഊണൊക്കെ അവിടെ നിക്കട്ടെ, പാടം നികത്തീം വീടൊന്ന് വെക്കണം.
Sunday, May 4, 2008
ഇന്ത്യാക്കാരന്റെ വയർ
രാവിലേ കോൾ ഫ്രം ന്യൂയോർക്ക്...
"അളിയാ എന്നാ ഒണ്ട് വിശേഷംസ്?"
"ഓ.. അങ്ങനെ ഒക്കെ കഞ്ഞിവെള്ളം കുടിച്ച് തട്ടീം മുട്ടീം ജീവിച്ച് പോണുടേ"
"തന്നേ, എന്നാ പിന്നെ അളിയാ ഒരു 10000 മണീസ് ട്രാൻസ്ഫർ ചെയ്യ്, വീട്ടുവാടക കൊടുക്കാൻ ജോർജ്ജ്കുട്ടി ഇല്ലഡേ"
"അതെന്നാ പൂഞ്ഞാറ്റിലേ വർത്താനാ അളിയാ, ചെത്ത്കാരനോട് ശുദ്ധകള്ള് ചോദിക്കണപോലെ**, കഞ്ഞിവെള്ളം കുടിച്ച് ജീവിക്കണവനോടാണോ പതിനായിരം രൂപാ കടം ചോദിക്കണേ"
"സോറീ മച്ചു.. എന്നാ പിന്നെ ഒരു ലക്ഷം തികച്ച് താ"
"ഹെന്ത്??"
"അതേ.. ഒരു ലക്ഷം, വൺ ലായ്ക്ക്... ഇന്നലേം അപ്പച്ചൻ വിളിച്ചായിരുന്നു, അരിക്കൊക്കെ അവിടെ എന്നതാ വെല. കഞ്ഞി ഒണ്ടെങ്കിലല്ലേ കഞ്ഞിവെള്ളം ഒണ്ടാവൂ... ഏത്? അതുകൊണ്ട് മുതലാളീ, ഒന്ന് സഹായിക്കഡോ"
!!!!!!!!!!!!!ആണ്ടെ കെടക്കണു... ഭും
നെക്സ്റ്റ്... കോൾ ഫ്രം ബെംഗളൂരു...
"അച്ചായോ, എങ്ങനെ പോകുന്നു കാര്യങ്ങൾ?"
"ഓ എന്നാ പറയാനാ ഭായ്... ചിക്കനും തിന്ന് പാലും കുടിച്ച് കഷ്ടി മുഷ്ടി കഴിഞ്ഞു പോണു!!!"
വിലക്കയറ്റത്തിനു കാരണം ഇന്ത്യാക്കാരന്റെ വയർ: ബുഷ്
ഒള്ളതു തന്നെ അണ്ണാ... പണ്ട് വല്ല വാഴയ്ക്കേം തിന്ന് കഴിഞ്ഞുകൂടിക്കൊണ്ടിരുന്ന പഹയന്മാരാ, ഇപ്പോ വന്ന് വന്ന് അമേരിക്ക വരെ തിന്ന് തൊടങ്ങി.
ബുഷച്ചായനാണെങ്കിൽ കോണ്ടലീസ റൈസിനു കൊടുക്കാൻ പോലും റൈസുമേടിക്കാൻ കാശില്ലാതിരിക്കുവായിരുന്നു, അപ്പോഴാണ് വൈറ്റ് ഹൗസിന്റെ വായ്പകുടിശ്ശികയില്ലെങ്കിലും പലിശയെങ്കിലും അടയ്ക്കാൻ പറഞ്ഞു ബാങ്കീന്ന് നോട്ടീസ്. നോക്കണേ കൂനിന്മേൽ കുരു.
ഭാരതീയരേ, നിങ്ങൾ ജോലികൾ ഉപേക്ഷിക്കൂ, ദരിദ്രരാകൂ, പട്ടിണി കിടക്കൂ.. അങ്ങനെ ബചാവോ ഇസ് ദുനിയാ കോ വിലക്കയറ്റം കീ കരാൾ ഹസ്ത് സേ!!!
NB: പഴയ ഓർമ്മയിൽ, അവൻ ഒരു കഞ്ഞിയാ എന്നൊന്നും ആരോടും പറഞ്ഞേക്കല്ലേ, കേട്ടുനിക്കണവൻ അടിച്ച് മൂക്കാമണ്ട പൊളിക്കും. കൂടെ ഒരു ഡയലോഗും "കഞ്ഞീടെ വില അറിയാൻപാടില്ലാത്ത ദ്രോഹീ"
** ചെത്തുകാരനോട് പ്യൂർ കള്ള് ചോദിച്ചാൽ
ചെത്തുകാരനോട് പ്യൂർ കള്ള് ചോദിച്ചാൽ ...
ചെത്തുകാരനോട് പ്യൂർ കള്ള് ചോദിച്ചാൽ അമ്മച്ചിയാണേ.. കുത്തുകേസിന് അകത്തുപോകും.... ചെത്തുകാരൻ ലോക്കപ്പിന്റകത്തും, ചോദിച്ചവൻ പെട്ടിക്കകത്തും.
വെള്ളം ചുമന്ന് പനേൽ കേറി പൊടികലക്കി ഇറക്കണതിന്റെ വിഷമം പുള്ളിക്കാരനും കർത്താവിനും മാത്രമേ അറിയൂ.
കർത്താവും കള്ളും തമ്മിൽ എന്ത് ബന്ധം എന്നു ചോദിക്കുന്നവർക്ക്: അവർ തമ്മിലല്ലേ ബന്ധം. കർത്താവ് ജനിച്ചതാഘോഷിക്കാൻ കള്ള്, അത്താഴം കുടിച്ചതാഘോഷിക്കാൻ കള്ള്, മരിച്ചതിന്റെ വിഷമം തീർക്കാൻ കള്ള്, ഉയിർത്തതിന്റെ സന്തോഷത്തിന് കള്ള്, ഇനി കർത്താവിനെ സ്വീകരിച്ചാൽ(മാമ്മോദീസ, ആദ്യകുർബ്ബാന), അതിന്റെ സന്തോഷത്തിനും കള്ള്. ഇതിൽ പരം ബന്ധം എന്നതു വേണം?
Friday, May 2, 2008
2008-ലേ രണ്ടാം ഹർത്താലാഘോഷം
കാത്തിരുന്ന ബന്ദല്ലേ
കാലമേറെയായില്ലേ
ഷാപ്പിലൊന്നു കൂടണ്ടേ
റ്റീവീൽ ഹർത്താൽ സ്പെഷ്യൽ കാണണ്ടേ
ക്ഷീണമൊന്നുറങ്ങി തീർക്കണ്ടേ...
മനോഹരീ ബന്ദേ ബന്ദേ
വരാനിത്ര വൈകിയതെന്തേ
ഹർത്താൽ എന്ന പേരിൽ ബന്ദേ
വേഗമൊന്നു വായോ പൊന്നേ..
കേരളത്തിന്റെ ദേശീയോത്സവമായ ഹർത്താൽ വീണ്ടും വന്നെത്തി. ഇത്തവണത്തേത് ഭാരതമൊട്ടുക്ക് കൊണ്ടാടുന്നു എന്നുള്ളത് അതിനു മാറ്റ് കൂട്ടുന്നു. ഇന്നലെ അവധി, ഇന്നു ഹർത്താൽ, പിന്നെ നാളെ ശനി, മറ്റന്നാൾ ഞായർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും നാട്ടിൽ വരാൻ സാധിച്ചു. ഇത്ര നന്നായി ഈ ഹർത്താൽ ആസൂത്രണം ചെയ്ത സംഘാടകർക്ക് നന്ദി.
ഇത്തവണത്തേ ഹർത്താലാഘോഷങ്ങൾക്ക് വിപുലമായപരിപാടികളാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത് താമസിക്കുന്ന സുഹൃത്തുക്കൾകൂടി സമീപപ്രദേശത്തെ കള്ള്ഷാപ്പുകളിലോട്ട് പദയാത്രകൾ, വാളുവയ്പ് മൽസരങ്ങൾ, റബ്ബർ തോട്ടങ്ങളിൽ വെള്ളമടി ആഘോഷങ്ങൾ (ഇന്നലെ ബിവറേജസ് കോർപ്പറേഷൻ അവധിയാണെന്നു ഓർമ്മിച്ച് നേരത്തേ സ്റ്റോക്ക് ചെയ്തവർക്ക് മാത്രം ബാധകം) എന്നിവ സംഘടിപ്പിക്കാവുന്നതാണ്.
ഇതിൽ താൽപര്യമില്ലാത്തവർക്ക് മറ്റ് കലാപരിപാടികൾ ആസൂത്രണം ചെയ്യാം.
മറ്റുദിവസങ്ങളിൽ വിശ്രമത്തിനുപോലും സമയമില്ലാത്തവർക്ക് ധാരാളം ഒഴിവുസമയം കിട്ടുന്ന ദിവസമാണ് ഹർത്താൽ.
സിനിമ കാണാൻ താൽപര്യമുള്ളവർക്ക് വിവിധ ചാനലുകളിൽ ഹർത്താൽ സ്പെഷ്യൽ ബ്ലോക്ബസ്റ്റർ ചലച്ചിത്രങ്ങൾ കാണാവുന്നതാണ്.
വീടിനടുത്ത് അത്യാവശ്യം പറമ്പൊക്കെ ഉള്ളവരാണെങ്കിൽ, ഫാമിലിയോടൊപ്പം പറമ്പിലോട്ടൊരു പിക്നിക് പ്ലാൻ ചെയ്യാം. നടന്ന് പോകാനുള്ള ദൂരത്തുള്ള ബന്ധുജന സന്ദർശനം, രോഗീസന്ദർശനം എന്നിവയ്ക്കൊക്കെ ഏറ്റവും അനുയോജ്യമായ ദിവസമാണ് ഹർത്താൽ ദിനം.
ഇതൊന്നും വേണ്ടെങ്കിൽ ദിവസം മുഴുവൻ കിടന്നുറങ്ങാം.(സർക്കാർ ജോലിക്കാരെ ഉദ്ദേശിച്ചല്ല, ഞങ്ങളേപോലുള്ള കേരളത്തിലെ പാവപ്പെട്ട സോഫ്റ്റ്വെയർ പ്രൊഫഷനലുകൾക്കും, മറ്റ് പകൽ ഉറങ്ങാൻ സൗകര്യമില്ലാത്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി മാത്രം)
എന്നാ പിന്നെ പറഞ്ഞപോലെ. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹർത്താൽദിനാശംസകൾ. (അൽപം വൈകിപോയി, എണീറ്റ്വരാൻ കുറച്ചുതാമസിച്ചു). അപ്പോ ഞാൻ എന്തേലും ഞണ്ണിയേച്ചിട്ടും പോട്ടേ, വാളുവയ്പു മൽസരം ഒണ്ട്, ഇപ്പോതന്നെ വൈകി.
"പാർട്ടി ഏതായാലും ഹർത്താൽ നന്നായാൽ മതി, ജയ് ഹർത്താൽ."
ബന്ദിന്റെയന്നും ഓഫീസിൽ പോകേണ്ട ദുര്യോഗമുള്ള അന്യസംസ്ഥാന മലയാളികളും, ബന്ദില്ലാത്ത നാടുകളിൽ ജീവിക്കുന്നവരും ക്ഷമിക്കുക. സാരമില്ല, നിങ്ങൾക്കും ഒരു ദിവസം വരും
Tuesday, April 29, 2008
കൊടകരപുരാണത്തിന് ആദരാഞ്ജലികള്‍
പ്രസാധകപിശ്ശാശ് പിടിച്ചോണ്ട് പോയ കൊടകരപുരാണത്തിന് ആദരാഞ്ജലികള്‍
ഒരു നാള്‍ ഞാനും വിശാലേട്ടനേപ്പോല്‍
വളരും വലുതാകും
വിശാലേട്ടനേപ്പോല്‍ വളര്‍ന്നുവലുതായ്
ബ്ലോഗില്‍ പോസ്റ്റീടും
പോസ്റ്റി പോസ്റ്റി പിന്നേ ഞാനതൊരു
പുസ്തകമാക്കീടും
പുസ്തകമെഴുതിയാല്‍ പിന്നേ ഞാനൊരു
കുന്തോം ബ്ലോഗൂല്ലാ.
Disclaimer: കൊടകരപുരാണം കേരളത്തിലേ നെല്‍പ്പാടങ്ങള്‍ പോലെ തരിശായി കിടക്കുന്നത് കണ്ടതുകൊണ്ട് ഉണ്ടായ സങ്കടംകൊണ്ട് എഴുതീതാ.
Thursday, April 24, 2008
ഒരു ഫയര്‍ എസ്കേപ്പ് : ഓ മൈ ഗോഡ്.. C.I.Ds എസ്കേപ്പ്!!!
അങ്ങനെ ലാലേട്ടന്‍ ഫയര്‍ എസ്കേപ്പീന്ന് നൈസായി എസ്കേപ്പായി.
വിസ്മയം-2008 മാന്ത്രികോല്‍സവത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പുള്ളിക്കാരന്‍ സ്കൂട്ടായതു പേടി കൊണ്ടാണെന്നൊന്നും ആരും ശരിയായി ധരിക്കരുത്... ലേകിന്‍ ഏക് പരന്തു, അദ്ദേഹം തന്റെ ഭാന്‍സിന്റേം സഹപ്രവര്‍ത്തകരുടേയും, സുഹൃത്തുക്കളുടേയും, സ്നേഹിക്കുന്നവരുടേയും സര്‍വ്വോപരി 'അമ്മ'യുടേയും (ഹാ ഇമ്മടെ സിനിമാക്കാരുടെ രണ്ടാനമ്മയേ, അല്ലാതെ സ്വന്തം അമ്മയെന്നൊന്നും ആരും തെറ്റിധരിക്കല്ലേ) സമ്മര്‍ദ്ദത്തിനു വഴങ്ങിയാണു അദേഹം 'ദ ഗ്രേറ്റ് എസ്കേപ്പ് ' നടത്തീത്.
ഇങ്ങേരു നാടു മുഴുവന്‍ സ്റ്റേജ് ഷോയും നടത്തി നടക്കുന്നതു കൊണ്ട് കഞ്ഞികുടി മുട്ടിയ മുതുകാട് പല വഴീം നോക്കി, നോ രക്ഷ.. ഇനി വല്ല അച്ചാറോ കറിപ്പൊടിയോ ഉണ്ടാക്കുന്ന ബിസിനെസ്സ് തുടങ്ങാം എന്നു വിചാരിച്ചാല്‍ മച്ചു അവടേം നിലം തൊടീക്കില്ല, പിന്നെ എന്നതാ ഒരു വഴി? അങ്ങനെ ഒരു ദിവസം എതോ കുറ്റിക്കാട്ടില്‍ അത്താഴപ്പട്ടിണി കിടക്കുമ്പോഴാണ് ആശാനു പരിശുദ്ധറൂഹാതമ്പുരാന്റെ വെളിപാടുണ്ടായത്. "മകനേ മുതുകാടേ, നിന്റെ ഭാര്യ നിന്റെ മുതുക് അടിച്ചുപൊളിക്കണ്ടെങ്കില്‍ നീ പോയി ലാലിനെ ഫയര്‍ എസ്കേപ്പ് പഠിപ്പിച്ചിട്ട്, വരുന്ന വിസ്മയം-2008 നു സര്‍ക്കാര്‍ ചിലവില്‍ അങ്ങട് ക്ലോസ് ആക്ക്." കേട്ട പാതി കേള്‍ക്കാത്ത പാതി മുതുകാട് മുതുകിലേ പൊടീം തട്ടി ഒരൊറ്റ ഓട്ടം, ലാലേട്ടന്റെ അടുത്തോട്ട്. (തള്ളേ.. ഓടിയ വഴീല് കാട് പോയിട്ട് കാട്ടുപള്ള പോലും മുളക്കത്തില്ല!!!)
ലാലേട്ടനു കാര്യം കേട്ടപ്പോള്‍ ഫയങ്കര സന്തോഷം. അടുത്തകാലത്തിറങ്ങിയ പടങ്ങള്‍ കണ്ടിട്ട് ആള്‍ക്കാര് ചിരിച്ച് ചിരിച്ച്, കണ്ണിലും വെള്ളമില്ലാ, കുടിക്കാന്‍ പൈപ്പീലും വെള്ളമില്ലാ എന്ന അവസ്ഥയിലായതുകൊണ്ട്, നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന് പോലും പറയാന്‍ പറ്റാതെ ഇരിക്കുവല്ലായിരുന്നോ പുള്ളിക്കാരന്‍. ലാലേട്ടന്‍ റെഡിമണി മുണ്ടക്കയം പറഞ്ഞു, മുതുകാടിനും സന്തോഷം.
പക്ഷേ ലലേട്ടന് അഫിനയ കച്ചോടോം അച്ചാറുകച്ചോടോം മാത്രമല്ലാ, തലയ്ക്കകത്ത് കിഡ്നീം വയറുനിറച്ച് പുത്തീം ഒണ്ടെന്നു പാവം മജീഷ്യന്‍ അറിഞ്ഞില്ല. മുതുകാടു പോയ വഴിയേ ലാലേട്ടന്‍ മനോരമേല്‍ വിളിച്ച് കാര്യം പറഞ്ഞു. കാര്യമാത്രപ്രസക്തമായ വാര്‍ത്തകള്‍ ഒന്നും ഇല്ലാതെ വിഷമിച്ചിരുന്ന അച്ചായന്‍ അടുത്ത ബ്രേയ്ക്കിംഗ് ന്യൂസ് കിട്ടുന്ന വരേ ഒന്നരാടം ദിവസം പ്രിന്റഡ് എഡിഷന്റെ ഫ്രണ്ട് പേജിലും, എല്ലാ ദിവസവും വെബ് സൈറ്റിലും എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചോളാമെന്നും, എന്നും രാവിലേം ഉച്ചയ്ക്കും വൈകിട്ടും, രാത്രീം അങ്ങനെ നാലു നേരം ന്യൂസ് ചാനലില്‍ പെങ്കൊച്ചിനേക്കൊണ്ട് വാര്‍ത്തയും, പിന്നെ പണിയൊന്നും ഇല്ലാണ്ടിരിക്കുന്ന സിനിമാക്കാര്‍, മാജിക്കുകാര്‍, രാഷ്ട്രീയക്കാര്‍, മതനേതാക്കള്‍ അങ്ങനെ എല്ലാരേം കൂട്ടി അടി-പൊളി ചര്‍ച്ചകളും, പിന്നെ വേണെങ്കില്‍, ക്വോറം തികക്കാനായി പണി ഒന്നും ഇല്ലാതിരിക്കുന്ന അലവലാതി സോഫ്റ്റ്‌വെയര്‍ എന്‍ ജിനീയര്‍മാര്‍ക്ക് തെറി പറഞ്ഞുപഠിക്കാന്‍ "നിങ്ങളുടെ അഭിപ്രായം ലാലേട്ടനെ അറിയിക്കൂ" എന്ന പേരില്‍ സൈറ്റില്‍ ഒരു ഫോറവും നടത്താം എന്ന് സമ്മതിച്ചു. പക്ഷേ കണ്ടീഷന്‍സ് അപ്പ്ലൈ.
1. വാര്‍ത്ത വായിക്കുന്ന പെങ്കൊച്ചിന്റെ ഡീറ്റെയ്‌ല്സ് ഒന്നും ചോദിക്കരുത്.
2. രാവിലെയെന്നതാ ഫരിഫാടി എന്നും ചോദിച്ച് മനൊരമ പത്രോം പിടിച്ച് നില്‍ക്കുന്ന ഒരു ഫരസ്യം.
കണ്ടീഷന്‍ 2 അപ്പ തന്നെ ലാലേട്ടന്‍ സമ്മതിച്ചു, പക്ഷേ ഏതെങ്കിലും ഒരു പെങ്കൊച്ചിനേ വേണം ഒരു കയ്യില്‍ ചുറ്റിപ്പിടിക്കാന്‍, മറ്റേ കൈ ഫ്രീയാണെങ്കില്‍ മാത്രം മനോരമ പത്രം പിടിക്കും. വാര്‍ത്ത വായിക്കുന്നവളുടെ ഡീറ്റെയില്‍സ് ബെര്‍ളിച്ചായന്റെ കയ്യില്‍ നിന്നും മേടിക്കാം എന്നുള്ള ഒരു സ്കോപ്പ് ഉള്ളതുകൊണ്ട് രണ്ടാം കണ്ടീഷനിലേ മോഡിഫിക്കേഷന്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാമെന്നും കണക്കുകൂട്ടി ഒന്നാം കണ്ടീഷനും പുള്ളി അങ്ങു സമ്മതിച്ചു.
അപ്പോ മീഡിയ ഓക്കേ. പക്ഷേ അതു മാത്രം പോരല്ലോ, ഒരു മേളം ഒക്കെ ഒണ്ടെങ്കിലല്ലേ ആള്‍ക്കാര്‍ ശ്രദ്ധിക്കൂ. അടുത്ത വിളി അമ്മയ്ക്ക്.. സോറി അമ്മ പ്രസിഡന്റ് ഇന്നച്ചന്, അവിടത്തേ കാര്യം പുള്ളിക്കാരന്‍ നോക്കിക്കോളാമെന്ന് ഏറ്റു, അപ്പോ അതും റെഡി.
അടുത്തത് ഫാന്‍സ് എന്നു പറഞ്ഞു നടക്കുന്ന പോഴന്മാരുടെ നേതാവിനെ വിളിച്ച്, നാലഞ്ചുപേരെ കൊച്ചിക്കായലില്‍ ചാടാന്‍ റെഡിയാക്കി നിര്‍ത്താന്‍ പറഞ്ഞു. (കാര്യം യവന്മാരു കീ കൊടുക്കുന്ന പാവകള്‍ ആണെങ്കിലും, ഇത് തമിഴ്‌നാട് അല്ലാത്തതുകൊണ്ടും, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ സൂപ്പര്‍സ്റ്റാറിനെ തന്നെ യവന്മാരു പൊക്കംവിടും എന്നുള്ളതുകൊണ്ടും, അതു മാത്രം പറഞ്ഞില്ല.) അങ്ങനെ അതും കഴിഞ്ഞു.
നെക്സ്റ്റ് മജീഷ്യന്‍ സാമ്രാജ്. അടുത്ത പടത്തില്‍ ഒരു ചാന്‍സും, മൊബെയില്‍ മോര്‍ച്ചറീടെ വാടകയും ഓഫറു ചെയ്തു. ആള്‍ കേരള മജീഷ്യന്‍സിനു ഒരു സ്റ്റേജ് ഷോയില്‍ ചാന്‍സ്, ലാലേട്ടന്റെ പടത്തിനു പകരം മമ്മുക്കായുടെ പടം എന്നീ കണ്ടീഷന്‍സ് സമ്മതമാണെങ്കില്‍ സഹകരിക്കാം എന്നായി സാമ്രാജ്. അതും ഡണ്‍.
ഇതൊന്നും പാവം മുതുകാട് അറിഞ്ഞില്ല. മന്ത്രവടി മേശപ്പുറത്തു വച്ചുമറന്നിട്ട് അതു തിരിച്ചെടുക്കാന്‍ വരാന്‍ മുതുകാട് സേതുരാമയ്യര്‍ CBI ഒന്നും അല്ലല്ലോ.
അങ്ങനെ എല്ലാവരും കൂടി സഹായിച്ചും സഹകരിച്ചും ഫയര്‍ എസ്കേപ്പ് ഒരു വന്‍ വിജയമായി. എല്ലാരുടേയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി ലാലേട്ടന്‍ സ്കൂട്ടായി. അതും മനോരമ വന്‍ വാര്‍ത്തയാക്കി, ആണ്ടെ കെടക്കണു ചട്ടീം കലോം.
"മാജിക് താന്‍ മുന്‍പും വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടസാദ്ധ്യത ഉണ്ടെന്നു കണ്ടുതന്നെയാണ് അഗ്നിവിദ്യക്കു തയാറായത്. നിരന്തരമായ പരിശ്രമത്തിലൂടെ അതിനെ ലഘൂകരിക്കാന്‍ കഴിഞ്ഞിരുന്നു" - മോഹന്‍ലാല്‍.
പത്രസമ്മേളനത്തില്‍ മുതുകാട് പറഞ്ഞത് അഗ്നിവിദ്യ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ പ്രാപ്തനായിരുന്നു എന്നാണ്. ഇന്ത്യന്‍ മാജിക്കിനു ലോകഭൂപടത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം ഫയര്‍ എസ്കേപ്പ് ഉപേക്ഷിച്ചതുമൂലം നഷ്ടമായിപോലും.
മാലോകരേ പ്ലീസ്, അദ്ദേഹത്തിന്റെ കഴിവു തെളിയിക്കാന്‍ നിങ്ങളൊരു അവസരം കൊടുക്കൂ. ഭൂപടത്തില്‍ പാവയ്ക്കാ പോലിരിക്കുന്ന നമ്മുടെ 'ദൈവത്തിന്റെ സ്വന്തം കണ്‍ട്രിക്ക് ' കുമ്പളങ്ങേടെ എങ്കിലും വലിപ്പം കിട്ടിയാല്‍ എന്നാ പുളിക്കുവോ?
അങ്ങനെ കലാശക്കൊട്ടായി, ഇതോടെ ഫയര്‍ എസ്കേപ്പ് നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്നതിനേക്കാള്‍ പേരായി ലാലേട്ടന്.
ഒരു മഹാപുരുഷന്റെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ സാമ്രാജ് ശവപ്പെട്ടീന്ന് ഇറങ്ങിപ്പോന്നു.
മുതുകാട് മുതുകും തടവി ശവപ്പെട്ടീലോട്ടു പോണോ അതോ കുറ്റിക്കാട്ടിലോട്ടു തിരിച്ചു പോണോ എന്ന ധര്‍മ്മസങ്കടത്തില്‍ പ്രസ്സ് ക്ലബ്ബില്‍ തന്നെ ഇരിപ്പാണ്.
ഫയര്‍ എസ്കേപ്പ് നാടകത്തിന്റെ ഒടുവില്‍ ആര് അഗ്നികുണ്ടത്തില്‍ വെണ്ണീറായി?? നാടകം കളിച്ചവരോ അതോ പൊതുജനം എന്ന കഴുതയോ? ചിന്തിക്കേണ്ടിയിരിക്കുന്നു.
ലേകിന്‍ ഏക് പരന്തു, ഹംകോ മാലൂം ഹെ ഉസ്കോ മാജിക് നഹീ മാലൂം!!!
NB: ഫാന്‍സ് അസോസിയേഷന്‍കാര്‍ ശവപ്പെട്ടീടെ വാടകയും പലിശയും കൊടുക്കാന്‍ വേണ്ടി ബക്കറ്റ് പിരിവിന് ഉടനേ ഇറങ്ങുന്നതാണ്, ഇതേ ആവശ്യത്തിലേക്കുവേണ്ടി അടുത്ത രണ്ട് മോഹന്‍ലാല്‍ റിലീസുകള്‍ക്ക് ആദ്യത്തെ ആഴ്ച്ച ടിക്കറ്റുവില കൂട്ടുന്നതായിരിക്കും, എല്ലാവരും സഹകരിക്കുക.
Disclaimer: എനിക്ക് മോഹന്‍ലാല്‍, മുതുകാട്, സാമ്രാജ്, മമ്മൂട്ടി, അമ്മ, ഇന്നസെന്റ്, ഫാന്‍സ് അസോസിയേഷന്‍, മലയാള മനോരമ, മൊബൈല്‍ മോര്‍ച്ചറി എന്നിങ്ങനെയുള്ളവരുമായിട്ട് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധോം ഇല്ല.
Tuesday, March 25, 2008
Disclaimer
വെറുതേ ഒരു മോഹം ഒരു ബ്ലോഗ് ആയാലെന്നാ എന്നു, അഹങ്കാരം കൊണ്ടല്ലാട്ടോ, വെറുതേ ഒരു ആഗ്രഹം. എന്നാ പിന്നെ ഒരു രണ്ട് സെന്റു ഭൂമി ബ്ലോഗ്ഗെറില്‍ തന്നെ അങ്ങു മേടിക്കാം എന്നു വിചാരിച്ചു. സ്ഥലം മേടിച്ചിട്ടാല്‍ എപ്പോ വേണെങ്കിലും വീടു പണിയാമല്ലോ.
പക്ഷേ എന്നാ പറയാനാ, ഇപ്പോ വീടു പണിയാന്‍ കൈയ്യില്‍ തുട്ടില്ലാത്തതുകൊണ്ടും, അസംസ്കൃത വസ്തുക്കളായ ഭാവന കല്‍പനമാരൊക്കെ ബിസി ആയതുകൊണ്ടും ഇപ്പോ തല്‍ക്കാലം ഒരു മതിലും പണിതു ഗേറ്റും പൂട്ടി ഞാനങ്ങു പോകുവാ. അതായത് ഉടനേ ബ്ലോഗാന്‍ ഉദ്ദേശമില്ലാന്ന്.
ഒരു ബ്ലോഗ്ഗറാകണം എന്ന അതിമോഹം അശേഷം ഇല്ലാ കേട്ടോ. അപ്പോ പിന്നെ എല്ലാം പറഞ്ഞ പോലെ.